ഊട്ടി : കെട്ടിടത്തിന്റെ സംരക്ഷണഭിത്തി നിർമിക്കുന്നതിനിടെ മണ്ണിടിഞ്ഞ് ഊട്ടിയിൽ ആറ് സ്ത്രീ തൊഴിലാളികൾ മരിച്ചു. നാല് പേർക്ക് പരിക്കേറ്റു. ഊട്ടി സ്വദേശികളായ രാധ (38), സെകില(30), ഉമ(35), ഭാഗ്യം(36), സംഗീത(30), മുത്തുലക്ഷ്മി(36) എന്നിവരാണ് മണ്ണിനടിയിൽപെട്ട് മരിച്ചത്. പരിക്കേറ്റ മഹേഷ്(23), ശാന്തി (45), ജയന്തി(56), തോമസ്(23) എന്നിവരെ ഊട്ടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബുധൻ പകൽ പന്ത്രണ്ടോടെ ഊട്ടി ടൗണിൽനിന്ന് അഞ്ച് കിലോമീറ്റർ അകലെ കുന്ത – മഞ്ചൂർ റോഡിലെ ലൗഡെയിൽ ഗാന്ധിനഗറിലായിരുന്നു അപകടം. സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിന് സംരക്ഷണഭിത്തി നിർമിക്കുന്ന പ്രവൃത്തിക്കിടെ മുകൾഭാഗത്ത് ഉണ്ടായിരുന്ന പഴയ ശൗചാലയം ഉൾപ്പെടെ മണ്ണിടിഞ്ഞ് തൊഴിലാളികളുടെമേൽ പതിക്കുകയായിരുന്നു. ഊട്ടി, കൂനൂർ എന്നിവിടങ്ങളിൽനിന്ന് അഗ്നിരക്ഷാസേനയെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണ് മാറ്റി തൊഴിലാളികളെ പുറത്തെടുക്കുമ്പോഴേക്കും ആറുപേർ മരിച്ചിരുന്നു.