കോഴിക്കോട്:പത്താം ക്ലാസിലെ കെമിസ്ട്രി പരീക്ഷയുടെ ചോദ്യപേപ്പർ ചോർത്തിയെന്ന കേസിൽ എംഎസ് സൊല്യൂഷൻസിൽ പരിശോധന നടത്തി ക്രൈംബ്രാഞ്ച്. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് സ്ഥാപനത്തിനെതിരെ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു പരിശോധന. വെള്ളിയാഴ്ച രാവിലെ 11ന് ആരംഭിച്ച പരിശോധന വൈകിട്ട് 5നാണ് അവസാനിച്ചത്.
സ്ഥാപനത്തിന്റെ ലാപ്ടോപ്, ഹാർഡ് ഡിസ്ക് ഉൾപ്പടെയുള്ള ഡിജിറ്റൽ ഉപകരണങ്ങളും മറ്റു രേഖകളും മൊബൈൽ ഫോണും ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു. ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി ഇ.സുനിൽ കുമാറിന്റെ നേതൃത്വത്തിലാണു രണ്ടു സംഘങ്ങളായി തിരിഞ്ഞ് പരിശോധന നടത്തിയത്. ഷുഹൈബിന്റെ വീട്ടിലും ക്രൈംബ്രാഞ്ച് പരിശോധന നടത്തിയിരുന്നു.
തട്ടിപ്പ്, വിശ്വാസ വഞ്ചന ഉൾപ്പടെ ഏഴു വകുപ്പുകൾ ചുമത്തിയാണ് എംഎസ് സൊല്യൂഷൻസിനെതിരെ കേസ് റജിസ്ടർ ചെയിതിരിക്കുന്നത്. എംഎസ് സൊല്യൂഷൻസിന് എതിരായ തെളിവുകൾ അധ്യാപകർ കഴിഞ്ഞ ദിവസം അന്വേഷണ സംഘത്തിനു കൈമാറിയിരുന്നു. മുൻ പരീക്ഷകളിലെ ചോദ്യക്കടലാസുകളും ചോർന്നെന്നു വ്യക്തമാക്കുന്ന തെളിവുകൾ വിവിധ വിഷയങ്ങളുടെ അധ്യാപകർ തന്നെയാണു നൽകിയത്.
മുൻ പരീക്ഷകളിൽ ആവർത്തിച്ചു വരുന്ന ചോദ്യങ്ങൾ പ്രവചിക്കുകയായിരുന്നുവെന്ന എംഎസ് സൊലൂഷൻസിന്റെ വാദത്തിനിടെയാണു മുൻ പരീക്ഷകളിൽ ഒരിക്കലും വരാത്ത ചോദ്യങ്ങൾ പോലും ഷുഹൈബ് പുറത്തുവിട്ടതെന്നു അധ്യാപകർ മൊഴി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാണു ക്രൈംബ്രാഞ്ച് എഫ്ഐആർ റജിസ്റ്റർ ചെയ്തത്. മറ്റു സ്വകാര്യ ട്യൂഷൻ സെന്ററുകളെയും അന്വേഷണസംഘം നിരീക്ഷിക്കുന്നതായാണു വിവരം.