ന്യൂഡൽഹി: എംപോക്സിനുള്ള വാക്സിൻ നിർമിക്കുമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട്. വാക്സിൻ നിർമാണ ഘട്ടത്തിലാണെന്നും സിറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു. ലോകാരോഗ്യ സംഘടന എംപോക്സിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രതികരണം.
എംപോക്സിൽ ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ആയിരക്കണക്കിനാളുകളുടെ ജീവൻ രക്ഷിക്കാനായി രോഗത്തിനുള്ള വാക്സിൻ വികസിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് സി.ഇ.ഒ അദാർ പൂനാവാല പറഞ്ഞു.
യു.എസ് കമ്പനിയായ നോവവാക്സുമായി ചേർന്ന് എംപോക്സിന് എംആർഎൻഎ വാക്സിൻ വികസിപ്പിച്ചെടുക്കാനുള്ള ശ്രമത്തിലാണ്. ഒരു വർഷത്തിലേറെ സമയമെടുക്കും വാാക്സിൻ വികസിപ്പിക്കാൻ. ഒരു വർഷത്തിനുള്ളിൽ ഇതിന്റെ അപ്ഡേറ്റ് അറിയിക്കാമെന്നും അദ്ദേഹം പറഞ്ഞു. വാക്സിൻ വലിയ ആവശ്യകതയുണ്ടാവുകയാണെങ്കിൽ നാല് മാസത്തിനുള്ളിൽ തന്നെ അത് വികസിപ്പിച്ചെടുക്കാൻ ശ്രമിക്കുമെന്നും പൂനവാല പറഞ്ഞു.
നേരത്തെ ആഗോളതലത്തിൽ എംപോക്സ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കാൻ വിമാനത്താവള, തുറമുഖ, അതിർത്തി അധികാരികൾക്ക് കേന്ദ്ര സർക്കാർ നിർദ്ദേശം നൽകിയിരുന്നു. ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് എ.എൻ.ഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, ബംഗ്ലാദേശ്, പാകിസ്താൻ അതിർത്തികൾ എന്നിവിടങ്ങളിൽ മുന്നറിയിപ്പ് നൽകി. സഫ്ദർജംഗ് ആശുപത്രി, റാം മനോഹർ ലോഹ്യ ആശുപത്രി, ലേഡി ഹാർഡിഞ്ച് തുടങ്ങിയ ആശുപത്രികളിൽ ഐസൊലേഷനുള്ള സൗകര്യങ്ങൾ ഉണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കി.പുതിയ വൈറസ് ഭീതിയെക്കുറിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.