കൊച്ചി: മോട്ടോർ വാഹന വകുപ്പ് അന്യായമായി പിഴ ഈടാക്കുന്നു എന്നാരോപിച്ച് ഓൾ ഇന്ത്യാ ടൂറിസ്റ്റ് പെർമിറ്റുള്ള വാഹനങ്ങളുടെ ഉടമകൾ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. റോബിൻ ബസ് ഉടമ കോഴിക്കോട് സ്വദേശി കിഷോർ അടക്കമുള്ളവർ നൽകിയ ഹർജിയാണ് പരിഗണിക്കുന്നത്. 2023 മെയിൽ നിലവിൽ വന്ന ഓൾ ഇന്ത്യാ പെർമിറ്റ് ചട്ടങ്ങൾ പ്രകാരം, ഓരോ പോയിന്റിലും നിർത്തി യാത്രക്കാരെ കയറ്റാനും ഇറക്കാനും അനുവാദമുണ്ടെന്നും, പിഴ ഈടാക്കുന്ന മോട്ടോർ വാഹന വകുപ്പിന്റെ നടപടി നിയമവിരുദ്ധമാണെന്നുമാണ് ഹർജിക്കാരുടെ വാദം.
ഹർജിയിൽ മുൻകൂർ ബുക്ക് ചെയ്ത യാത്രക്കാരുമായി സർവീസ് നടത്താൻ റോബിൻ ബസിന് കോടതി ഇടക്കാല ഉത്തരവിൽ അനുവാദം നൽകിയിരുന്നു. പെർമിറ്റ് ചട്ടലംഘനമുണ്ടായാൽ പിഴ ഈടാക്കി, വാഹനത്തിന്റെ യാത്ര തുടരാനും കോടതി അനുമതി നൽകിയിരുന്നു. മറ്റ് ചില ഹർജിക്കാരുടെ വാഹനങ്ങൾക്ക് പിഴ ഇട്ട നടപടിയും കോടതി സ്റ്റേ ചെയ്തിട്ടുണ്ട്.