എം.ടിയുടെ വിമർശനം; കേരളത്തിന്റെ വികാരമാണെന്ന് കെ. സുരേന്ദ്രൻ

news image
Jan 12, 2024, 2:01 pm GMT+0000 payyolionline.in

തിരുവനന്തപുരം: ഇ.എം.എസിനെ ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരെ എം.ടി വാസുദേവൻ നായർ നടത്തിയ വിമർശനം കേരള സമൂഹത്തിന്റെ വികാരമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. പിണറായി വിജയനെ വേദിയിലിരുത്തി ഭരണാധികാരികൾ ജനസേവനമാണ് ചെയ്യേണ്ടതെന്ന എം.ടിയുടെ ഉപദേശം മുഖ്യമന്ത്രിയുടെ മുഖത്തേറ്റ പ്രഹരമാണെന്നും അദ്ദേഹം അറിയിച്ചു.

വ്യക്തിപൂജ കമ്മ്യൂണിസ്റ്റുകാർ എതിർക്കുന്നതാണെന്ന് പറയുമ്പോൾ കേരളത്തിലെ ഏക കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിക്ക് വ്യക്തിപൂജ നടത്തുകയാണ് അദ്ദേഹത്തിന്റെ സഹപ്രവർത്തകർ ചെയ്യുന്നത്. കമ്മ്യൂണിസത്തിന്റെ ഈ ഇരട്ടത്താപ്പിനെയാണ് എം.ടി ചോദ്യം ചെയ്തിരിക്കുന്നത്. എം.ടിയുടെ ശബ്ദം കേരള ജനത ഏറ്റെടുക്കുമെന്നുറപ്പാണ്.

പിണറായി വിജയനെ ദൈവത്തിന്റെ വരദാനമായാണ് സഹമന്ത്രിമാർ പോലും വാഴ്ത്തുന്നത്. സൂര്യനായാണ് മുഖ്യമന്ത്രിയെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ വിശേഷിപ്പിച്ചത്. ഇതെന്തുതരം കമ്മ്യൂണിസമാണെന്ന് എംടിയെ പോലൊരാൾ ചിന്തിച്ചിട്ടുണ്ടാകും. കടലിലെ വെള്ളം ബക്കറ്റിലെടുത്താൽ ബക്കറ്റിലെ വെള്ളത്തിന് വിലയുണ്ടാവില്ലെന്നും കടലിലെ വെള്ളം കടലിനോട് ചേർന്ന് നിന്നാലേ വിലയുണ്ടാകുകയുള്ളൂവെന്നും വി.എസിനെ ഉപദേശിച്ച പിണറായി ഇപ്പോൾ വെറും ചിരട്ടയിലെ വെള്ളമായി മാറിക്കഴിഞ്ഞു.

പിണറായി വിജയൻ നടത്തുന്ന അഴിമതിയും ഏകാധിപത്യവും ധൂർത്തും സ്വജനപക്ഷപാതവുമാണ് ലോകം ആദരിക്കുന്ന സാഹിത്യകാരനെ ഈ വിമർശനം നടത്താൻ പ്രേരിപ്പിച്ചത്. എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ മുഖ്യമന്ത്രിയെ ട്രോളുകയാണ് ചെയ്തത്. ഇടത് ചിന്തകർ പോലും എം.ടിയുടെ പ്രസ്താവനയെ അനുകൂലിച്ചു വന്നിരിക്കുകയാണ്. കേരളത്തിന്റെ പശ്ചാത്തലത്തിലാണ് എം.ടിയുടെ വാക്കുകളെന്ന് അവരിൽ പലരും തുറന്ന് പറഞ്ഞുകഴിഞ്ഞു. എന്നാൽ ഇപ്പോഴും പിണറായി കൊടുക്കുന്ന അപ്പ കഷ്ണവും തിന്ന് അദ്ദേഹത്തിന്റെ സ്തുതിപാഠകരായി നിൽക്കുന്ന സാംസ്കാരിക പ്രവർത്തകരെ ഓർത്ത് കേരളം ലജ്ജിക്കുന്നുവെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe