എഐസിസി ചർച്ചയിൽ സുധാകരന്‍റെ ഉറപ്പ്, സമയം ചോദിച്ചത് ഒക്ടോബർ 31 വരെ; നി‍ർദ്ദേശവുമായി രാഹുലും

news image
Aug 3, 2023, 4:46 pm GMT+0000 payyolionline.in

ദില്ലി: സംസ്ഥാന നേതാക്കളുമായി കോൺഗ്രസ് ഹൈക്കമാൻഡ് ദില്ലിയിലെ എ ഐ സി സി ആസ്ഥാനത്ത് നടത്തിയ ചർച്ചയിൽ സംഘടനയെ ശക്തിപ്പെടുത്തുമെന്ന് കെ പി സി സി അധ്യക്ഷൻ കെ സുധാകരന്‍റെ ഉറപ്പ്. ഒക്ടോബർ 31 ന് അകം ബൂത്ത് തലം വരെ ശക്തിപ്പെടുത്തി സംഘടനയെ ശക്തമായ നിലയിലേക്ക് എത്തിക്കുമെന്നാണ് എ ഐ സി സി ചർച്ചയിൽ കെ സുധാകരൻ നൽകിയ ഉറപ്പ്. ഭാവി പ്രവർത്തനങ്ങളെ കുറിച്ച് പ്രത്യേക നോട്ട് അവതരിപ്പിച്ചുകൊണ്ടാണ് കെ പി സി സി പ്രസിഡണ്ട് നിലപാട് വ്യക്തമാക്കിയത്.

അതിനിടെ കേരളത്തിലെ പുനഃസംഘടനയുമായി ബന്ധപ്പെട്ട തർക്കങ്ങളും എ ഐ സി സി യോഗത്തിൽ നേതാക്കൾ ഉന്നയിച്ചപ്പോൾ മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി പരിഹാരത്തിനുള്ള നിർദ്ദേശവുമായി രംഗത്തെത്തുകയും ചെയ്തു. നേതാക്കളുടെ പരാതികളടക്കമുള്ള പ്രശ്നങ്ങൾ കേരളത്തിൽ തന്നെ പരിഹരിക്കപ്പെടണമെന്നാണ് രാഹുൽ നിർദേശിച്ചത്.

കോൺഗ്രസ് കർണാടകത്തിൽ നേടിയ വിജയം കേരളത്തിൽ മാതൃകയാക്കണമെന്നും സംസ്ഥാനത്തെ പാർട്ടി നേതാക്കളോട് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. കൂട്ടായ പ്രവർത്തനവും അജണ്ടയിൽ ഊന്നിയുള്ള നീക്കവുമാണ് വിജയം നേടാൻ സഹായിക്കുകയെന്ന് അദ്ദേഹം നേതാക്കളോട് പറഞ്ഞു. കർണാടകയിൽ നേതാക്കൾ ഒറ്റക്കെട്ടായി നിന്നതുകൊണ്ടാണ് വൻവിജയം നേടിയത്. സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കളുമായി കോൺഗ്രസ് ഹൈക്കമാൻഡ് ദില്ലിയിലെ എ ഐ സി സി ആസ്ഥാനത്ത് നടത്തിയ ചർച്ചയിലാണ് സംസ്ഥാന നേതാക്കളോട് രാഹുൽ ഗാന്ധി ഇക്കാര്യം ആവശ്യപ്പെട്ടത്.

ലോക്സഭ തെരഞ്ഞെടുപ്പിന് പാർട്ടിയെ സജ്ജമാക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്ര നേതൃത്വം സംസ്ഥാന നേതാക്കളെ ദില്ലിക്ക് വിളിപ്പിച്ചത്. പുതുപ്പള്ളി നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും യോഗത്തിൽ ചർച്ചയായി. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗയും കേരളത്തിലെ നേതാക്കളുമായി സംസാരിച്ചു. ലോക്സഭ തെരഞ്ഞെടുപ്പ് പ്രചരണ തന്ത്രം ഏത് തരത്തിലായിരിക്കണമെന്ന കേന്ദ്ര നേതൃത്വത്തിന്റെ നിലപാടും ഹൈക്കമാൻഡ് യോഗത്തിൽ വ്യക്തമാക്കിയെന്നാണ് വിവരം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe