തിരുവനന്തപുരം : എഐ ക്യാമറ പദ്ധതിയിൽ നിന്ന് പിന്മാറിയതിന്റെ കാരണങ്ങൾ വിശദീകരിച്ച് ലൈറ്റ് മാസ്റ്റർ കമ്പനി ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. പദ്ധതിയിൽ നിന്നും തങ്ങൾക്കുള ലാഭവിഹിതം 40 ൽ നിന്ന് 32 ശതമാനമാക്കി കുറച്ചിരുന്നു. ഇത് ലാഭകരമാകില്ലെന്ന് കമ്പനിയുടെ സാമ്പത്തിക വിഭാഗം ചൂണ്ടിക്കാട്ടിയിരുന്നു. പദ്ധതിയിൽ തങ്ങൾ നിർദ്ദേശിച്ച ക്യാമറ വാങ്ങിയിരുന്നുവെങ്കിൽ ജീവനക്കാർക്ക് വേണ്ടിയുള്ള ചിലവ് കുറക്കാമായിരുന്നു.
പകരം വാങ്ങിയ ക്യാമറയുടെ പ്രവർത്തനക്ഷമതയിൽ തങ്ങൾ സംശയം പ്രകടിപ്പിക്കുകയും കൺസോർഷ്യത്തിലെ മറ്റു കമ്പനികളെ അറിയിക്കുകയും ചെയ്തു. ഇക്കാരണങ്ങൾ കൊണ്ടാണ് പദ്ധതിയിൽ നിന്നും പിന്മാറിയത്. പദ്ധതിയിലേക്ക് തങ്ങൾ 75 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നുവെങ്കിലും ആ തുക തിരികെ ലഭിച്ചില്ലെന്നും എ.ഐ ക്യാമറ വിവാദത്തിൽ വി.ഡി.സതീശന്റെയും, രമേശ് ചെന്നിത്തലയുടെയും ഹർജിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ലൈറ്റ് മാസ്റ്റർ വ്യക്തമാക്കി.