എക്സൈസ് എത്തിയത് സംവിധായകർ ലഹരി ഉപയോഗത്തിനൊരുങ്ങുമ്പോൾ; സമീർ താഹിറിനെ ചോദ്യം ചെയ്യും

news image
Apr 27, 2025, 6:11 am GMT+0000 payyolionline.in

കൊച്ചി: സംവിധായകരായ അഷ്റഫ് ഹംസയും ഖാലിദ് റഹ്മാനും പരിശോധനക്കായി എക്സൈസ് സംഘം എത്തുമ്പോൾ ലഹരി ഉപയോഗത്തിനുള്ള തയാറെടുപ്പിലായിരുന്നുവെന്ന് റിപ്പോർട്ട്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എക്സൈസിന്റെ പരിശോധന. അതേസമയം, ലഹരി പിടിച്ച ഗോശ്രീ പാലത്തിന് സമീപത്തെ ഫ്ലാറ്റിന്റെ ഉടമസ്ഥനായ സംവിധായകൻ സമീർ താഹിറിനേയും എക്സൈസ് സംഘം ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ്.

തിരക്കഥ രചനക്കും സിനിമ ചർച്ചകൾക്കുമായി എടുത്തിരിക്കുന്ന ഗോശ്രീ പാലത്തിന് സമീപമുള്ള ഫ്ലാറ്റിൽ വ്യാപകമായി ലഹരി ഉപയോഗം നടക്കുന്നുണ്ടെന്നാണ് എക്സൈസ് പറയുന്നത്. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് സ്ഥിരമായി ഇവിടെ ആളുകൾ എത്തുന്നുണ്ടെന്ന് സൂചനയും എക്സൈസിന് ലഭിച്ചിട്ടുണ്ട്.

ആരാണ് ഇവർക്ക് കഞ്ചാവ് എത്തിച്ചുനൽകിയതെന്ന് സംബന്ധിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട്. പിടിയിലായ മൂന്ന് പേർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ അധികൃതർ അന്വേഷണം നടത്തുന്നത്.

മലയാള സിനിമയിലെ പ്രമുഖ സംവിധായകരായ അഷ്റഫ് ഹംസയും ഖാലിദ് റഹ്മാനും ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായിരുന്നു. ഇവർക്കൊപ്പം മറ്റൊരാൾ കൂടി പിടിയിലായിട്ടുണ്ട്. 1.6 ഗ്രാം കഞ്ചാവാണ് ഇവരിൽ നിന്ന് പിടികൂടിയത്. ചെറിയ അളവ് കഞ്ചാവാണ് പിടികൂടിയതെന്ന മൂന്ന് പേരെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe