ആലപ്പുഴ: ചേർത്തല സ്വദേശികളായ ഡോക്ടർ ദമ്പതികളിൽനിന്ന് ഓൺലൈനായി 7.65 കോടി രൂപ തട്ടിയെടുത്ത കേസിൽ തായ്വാൻ സ്വദേശികളായ മുഖ്യപ്രതികൾ ബംഗളൂരു കേന്ദ്രീകരിച്ച് നടത്തിയ വൻ ആസൂത്രണത്തിന്റെ രേഖകൾ പൊലീസ് കണ്ടെത്തി. കേസിലെ പ്രതികളായ തായ്വാനിലെ പിങ്ചെൻ സ്വദേശികളായ വാങ്ചുൻ-വെയ് (26), ഷെൻ വെയ്-ഹോ (35) എന്നിവരുടെ ഫോണിൽനിന്നാണ് കേസിൽ നിർണായകമായ രേഖകൾ കിട്ടിയത്. അതിനിടെ, അഹ്മദാബാദ് കേന്ദ്രീകരിച്ച് കേരളത്തിലെ പൊലീസ് അന്വേഷണം ഊർജിതമാക്കി.
ഓൺലൈൻ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് അഹ്മദാബാദ് സബർമതി സെൻട്രൽ ജയിലിൽ കഴിയുന്ന ചില പ്രതികളെ ചോദ്യംചെയ്തു. ടെക്നിക്കൽ റൂമടക്കം എല്ലാ സൗകര്യങ്ങളും ഒരുക്കിയ സംഘത്തിലെ കണ്ണിയായ ‘സെയഫ് ഹൈദർ’ എന്നയാളെയും ചോദ്യംചെയ്തു. പ്രതികളിൽനിന്ന് ചില സൂചനകൾ ലഭിച്ചതിനാൽ പൊലീസ് സംഘം കുറച്ചുദിവസംകൂടി അഹ്മദാബാദിൽ തങ്ങും.
സാമ്പത്തിക തട്ടിപ്പ് എങ്ങനെ നടത്തണമെന്നതിനെക്കുറിച്ച് വിശദമായ പദ്ധതിയുടെ ചൈനീസ് ഭാഷയിലുള്ള രേഖകളാണ് പൊലീസ് കണ്ടെത്തിയത്. എങ്ങനെ ഇന്ത്യയിൽ പ്രവർത്തിക്കണമെന്നതിനെക്കുറിച്ചും തെളിവുകൾ അവശേഷിക്കാത്ത തരത്തിൽ എങ്ങനെ തട്ടിപ്പ് നടത്താമെന്നതിനെക്കുറിച്ചും പദ്ധതിയിൽ വിശദീകരിച്ചിട്ടുണ്ട്.
ഇതിനായി എല്ലാ സാങ്കേതിക സൗകര്യങ്ങളോടും കൂടിയ പ്രത്യേക മുറി ബംഗളൂരുവിലെ ഫ്ലാറ്റിൽ ഒരുക്കിയിരുന്നു. ഇവർക്കൊപ്പം ഫ്ലാറ്റിലുണ്ടായിരുന്ന മറ്റൊരു പ്രതിയും രാജ്യംവിട്ടു. ഇയാളെ കണ്ടെത്താനുള്ള ശ്രമം അന്വേഷണസംഘം ആരംഭിച്ചു.
കേസിൽ നേരത്തേ പിടിയിലായ എട്ടാംപ്രതി ഭഗവാൻ റാം ടെലഗ്രാം ആപ്പിലൂടെയാണ് തായ്വാൻകാർക്ക് അക്കൗണ്ട് വിവരങ്ങൾ കൈമാറിയിരുന്നത്. നൂറനാട്ടെ ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസിൽനിന്നുള്ള ദ്വിഭാഷിയുടെ സഹായത്തോടെയുള്ള ചോദ്യംചെയ്യലിലാണ് അന്വേഷണസംഘത്തിന് വിവരങ്ങൾ കിട്ടിയത്. ബംഗളൂരുവിൽ താമസിച്ച സമയത്ത് നടത്തിയ പണമിടപാടുകളുടെയും അക്കൗണ്ടുകളുടെയും പ്രാഥമിക വിവരങ്ങളും ലഭിച്ചിട്ടുണ്ട്.
തട്ടിപ്പ് നടത്തുന്നതിനുമുമ്പ് പലതവണ തായ്വാൻ സ്വദേശികളായ പ്രതികൾ സഞ്ചാരികളെന്ന വ്യാജേന ഇന്ത്യ സന്ദർശിച്ചിട്ടുണ്ട്. ഭുവനേശ്വർ, ഡൽഹി, ബംഗളൂരു എന്നിവിടങ്ങളിലായിരുന്നു ഇവരുടെ പ്രധാന സന്ദർശനം. വന്നാൽ കുറച്ചുദിവസങ്ങൾ മാത്രമേ ഇവർ തങ്ങാറുള്ളൂ. എന്നാൽ, കഴിഞ്ഞവർഷം ആഗസ്റ്റിൽ ബംഗളൂരുവിലെ ഫ്ലാറ്റിൽ ഒരുമാസത്തോളം താമസിച്ചു. ഇവർ ഫ്ലാറ്റിന് പുറത്തേക്ക് ഇറങ്ങുമായിരുന്നില്ല. പൊലീസ് കസ്റ്റഡിയിൽ ലഭിച്ച പ്രതികളെ ബംഗളൂരുവിലെ ഫ്ലാറ്റിന്റെ ഉടമ തിരിച്ചറിഞ്ഞു.
സഞ്ചാരികളായെത്തി കോടികൾ തട്ടി
ആലപ്പുഴ: തായ്വാൻ സ്വദേശികളായ പ്രതികൾ സഞ്ചാരികളാണെന്ന വ്യാജേന ഇന്ത്യയിയെത്തിയാണ് കോടികൾ കവർന്നത്. ഓൺലൈനിലെ മറ്റൊരു തട്ടിപ്പുകേസിലാണ് നാല് തയ്വാൻ സ്വദേശികൾ ഉൾപ്പെടെ 10 പേരെ ഗുജറാത്തിലെ അഹ്മദാബാദ് സിറ്റി സൈബർ പൊലീസ് പിടികൂടിയത്. ഗുജറാത്ത് പൊലീസ് പ്രതികളെ ബംഗളൂരുവിലെ ഫ്ലാറ്റിൽനിന്നാണ് പിടികൂടിയത്. പ്രതികളിൽനിന്ന് 708 സിം കാർഡുകൾ, 18 മൊബൈൽ ഫോൺ, 64 ചെക്ക് ബുക്കുകൾ, 48 ചെക്കുകൾ 34 പാസ്ബുക്കുകൾ, 49 ഡെബിറ്റ്-ക്രെഡിറ്റ് കാർഡുകൾ, മൂന്ന് ദുബൈ മെട്രോ കാർഡുകൾ, മൂന്ന് ബാങ്ക് അക്കൗണ്ട് കിറ്റുകൾ, രണ്ട് കമ്പ്യൂട്ടർ സി.പി.യു, രണ്ട് റൗട്ടറുകൾ, ഒരു മൊബൈൽ സ്വൈപ്പിങ് മെഷീൻ, ഓൾ ഇൻ വൺ കമ്പ്യൂട്ടർ, ലാപ്ടോപ്, 12.75 ലക്ഷം രൂപ എന്നിവയാണ് കണ്ടെടുത്തത്.