വർക്കല: അയിരൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ 36 കാരനായ പിതാവ് കസ്റ്റഡിയിൽ. പെൺകുട്ടിയുടെ മാതാവിന്റെ പരാതിയിലാണ് പോക്സോ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തത്. കഴിഞ്ഞ 21നാണ് സംഭവം. പതിമൂന്നുകാരിയായ പെൺകുട്ടിയെ സ്ഥലം കാണിക്കാനെന്ന വ്യാജേന സ്കൂട്ടിയിൽ പൊൻമുടിയിലെത്തിച്ച ശേഷം ആളൊഴിഞ്ഞ കാടുമൂടിയ പ്രദേശത്തുവെച്ച് പിതാവ് പീഡിപ്പിച്ചെന്നാണ് പെൺകുട്ടിയുടെ മൊഴി.
രണ്ടാം തവണയാണ് പിതാവ് മകളെ പീഡിപ്പിക്കാൻ ശ്രമിച്ചതെന്ന് മാതാവ് നൽകിയ പരാതിയിൽ പറയുന്നു. 2019ലും സമാന സ്വാഭാവമുള്ള കേസ് അയിരൂർ പൊലീസ് രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ, തെളിവുകളുടെ അഭാവത്തിൽ നടപടിയുണ്ടായില്ല. തുടർന്ന് മാതാപിതാക്കൾ തമ്മിൽ പ്രശ്നങ്ങളില്ലാതെ കഴിഞ്ഞുവരവേയാണ് താൻ പിതാവിനാൽ പീഡിപ്പിക്കപ്പെട്ട വിവരം മകൾ മാതാവിനോട് പറഞ്ഞത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.