എട്ട് ലക്ഷത്തിലൊരുക്കാം സ്വപ്നവീട് ; ഹൗസിങ് ഗൈഡൻസ് സെന്ററുമായി നിർമിതികേന്ദ്രം

news image
Oct 2, 2024, 3:28 am GMT+0000 payyolionline.in

തിരുവനന്തപുരം: എട്ട് ലക്ഷം രൂപയ്ക്കൊരു സ്വപ്‌നവീട്‌… ആ​ഗ്രഹത്തിനനുസരിച്ച് കുറഞ്ഞ ചെലവിൽ വീട് നിർമിക്കാൻ ഹൗസിങ് ഗൈഡൻസ് സെന്ററുമായി സംസ്ഥാന നിർമിതി കേന്ദ്രം (കെസ്‌നിക്). പൊതുജനങ്ങൾക്ക് നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഗുണമേന്മയുള്ളതും ചെലവു കുറഞ്ഞതുമായ കെട്ടിട നിർമാണം പരിചയപ്പെടുത്തുന്നതിനും സാങ്കേതിക സഹായം നൽകുന്നതിനുമാണ് തിരുവനന്തപുരത്തുള്ള കെസ്‌നിക്കിന്റെ ആസ്ഥാനത്ത് ഹൗസിങ് ഗൈഡൻസ് സെന്റർ ആരംഭിക്കുന്നത്. വ്യാഴാഴ്ച മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്യും. മറ്റ് ജില്ലകളിലും സെന്ററുകൾ ഉടൻ തുടങ്ങും.

ഭവന നിർമാമ്മാണത്തിന്റെ വിവിധ മാതൃകകൾ മനസ്സിലാക്കാനും അനുഭവിച്ചറിയാനുമായി വിർച്വൽ റിയാലിറ്റി സ്റ്റുഡിയോയും ഒരുക്കിയിട്ടുണ്ട്. നിർമിതി കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഒരു ചതുരശ്ര അടിക്ക് 1500 രൂപ നിരക്കിൽ വീടുകൾ നിർമിക്കാനാകും. പ്രദേശത്തിന് അനുസരിച്ച് നിരക്കിൽ ചെറിയ വ്യത്യാസം വരുമെങ്കിലും എല്ലാ ജില്ലകളിലും നിലവിൽ സേവനം ലഭ്യമാണ്. കെട്ടിടപ്ലാൻ മുതൽ നിർമാണം വരെ നിർമിതികേന്ദ്രം ഏറ്റെടുക്കും. ബിപിഎൽ കുടുംബങ്ങളാണെങ്കിൽ നിർമാണവസ്തുക്കൾ 15 ശതമാനം സബ്സിഡി നിരക്കിൽ ലഭ്യമാക്കാനും പദ്ധതിയുണ്ട്. കലവറ എന്ന പദ്ധതി പ്രകാരം ഒരു വീടിനായി 625 കിലോ കമ്പിയും 65 ചാക്ക് സിമന്റും 15 ശതമാനം സബ്സിഡിയിൽ ലഭിക്കും. ഇതിനായി നിർമിതികേന്ദ്രത്തിന് കെട്ടിടപ്ലാനും പെർമിറ്റും സഹിതം അപേക്ഷിക്കണം. കെട്ടിട നിർമാണത്തിനാവശ്യമായ ഹോളോ കോൺക്രീറ്റ് ബ്ലോക്ക്, സോളിഡ്‌ കോൺക്രീറ്റ്‌ ബ്ലോക്ക്, ഇന്റർലോക്ക് എന്നിവയും കുറഞ്ഞ ചെലവിൽ നിർമിച്ചുനൽകും. വെബ്സൈറ്റ് :https://statenirmithi.kerala.gov.in. ഫോൺ :0471- 2360559, 2360084.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe