തിരുവനന്തപുരം: എത്രഭാഗങ്ങൾ ഒഴിവാക്കിയാലും മനുഷ്യനൊന്നാണെന്ന് കാണിക്കുന്ന സന്ദേശം എമ്പുരാൻ സിനിമയിലുണ്ടെന്നും ജനങ്ങൾ കാണേണ്ട സിനിമയാണിതെന്നും മന്ത്രി സജി ചെറിയാൻ. സാമൂഹ്യമായ പല പ്രശ്നങ്ങളെകുറിച്ചും സിനിമ പ്രതിപാദിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സിനിമക്ക് സിനിമയുടേതായ രീതികളുണ്ട്. തന്റേടത്തുകൂടി ഇങ്ങനെയൊരു സിനിമ നിർമിച്ച പൃഥ്വിരാജിന് അഭിവാദ്യങ്ങൾ. കലാകാരന്മാർക്ക് സാമൂഹ്യ പ്രശ്നങ്ങളെ വിമർശിക്കാനും സമൂഹത്തിൽ എത്തിക്കാനും അവകാശമുണ്ട്. ഇതിനും ശക്തമായ പ്രമേയങ്ങൾ സിനിമയിൽ വന്നിട്ടുണ്ട്. അതൊരു സാമൂഹ്യമായ വീക്ഷണത്തിൽ കണ്ടാൽ മതി.
ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ ഭാഗമായുള്ള കലാരൂപത്തെ, കലാരൂപമായി കണ്ട് ആസ്വദിച്ചാൽ മതി. അതായിരിക്കും ഏറ്റവും നല്ലത്. അതിന്റെ പേരിൽ തെറ്റിദ്ധാരണയുണ്ടാക്കി ആളുകൾക്കിടയിൽ ആശയക്കുഴപ്പം ഉണ്ടാക്കേണ്ട ആവശ്യമില്ല.
വർത്തമാന കാലത്ത് പലരും ഭയപ്പെടുന്ന വർഗീയതക്കെതിരായി ആശയപ്രചരണം നടത്താൻ പൃഥ്വിരാജും മോഹൻലാലും ആന്റണിയും മുന്നോട്ടുവന്നതിൽ വലിയ പ്രാധാന്യമുണ്ട്. അതിനോടൊപ്പം കേരളീയസമൂഹം മുന്നോട്ട് വരണമെന്നും അദ്ദേഹം പറഞ്ഞു.