‘എനിക്ക് എന്റെ കുഞ്ഞിനെ വേണം’; അമ്മത്തൊട്ടിലിൽ ഉപേക്ഷിച്ച മകനെ തിരികെ ആവശ്യപ്പെട്ട് അമ്മ കലക്ടറേറ്റിൽ

news image
Jun 7, 2026, 6:30 am GMT+0000 payyolionline.in

കോഴിക്കോട്: മോഹനവാഗ്ദാനങ്ങളിൽ വീഴ്ത്തി പങ്കാളി തള്ളിപ്പറഞ്ഞതിനെത്തുടർന്ന്, ഗതികേടുകൊണ്ട് നഗരത്തിലെ ‘അമ്മത്തൊട്ടിലിൽ’ ഉപേക്ഷിക്കേണ്ടി വന്ന തന്റെ ചോരക്കുഞ്ഞിനെ തിരികെ കിട്ടണമെന്ന ആവശ്യവുമായി ഒരമ്മ കലക്ടറേറ്റിലെത്തി. കോഴിക്കോട് സ്വദേശിയായ മുപ്പതുകാരിയാണ് നിയമക്കുരുക്കുകൾ ഭേദിച്ച്, മാതൃസ്നേഹത്തിന്റെ കരുത്തിൽ തന്റെ എട്ടുദിവസം മാത്രം പ്രായമുണ്ടായിരുന്ന മകനെ വീണ്ടെടുക്കാൻ ജില്ലാ ഭരണകൂടത്തെ സമീപിച്ചത്.

യുവതിയുടെ അപേക്ഷ ചൈൽഡ് വെൽഫെയർ കമ്മിറ്റി (CWC) ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർക്ക് (DCPO) കൈമാറിയിട്ടുണ്ട്. അമ്മയുടെ വേദന മനസ്സിലാക്കിയ ഉദ്യോഗസ്ഥർ അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. തുടർന്ന് ഡി.എൻ.എ. (DNA) പരിശോധന ഉൾപ്പെടെയുള്ള നടപടികൾക്കായി റിപ്പോർട്ട് പോലീസിന് കൈമാറി.

കുടുംബമായി ജീവിക്കുന്നതിനിടയിലാണ് യുവതി മറ്റൊരാളുമായി അടുപ്പത്തിലാകുന്നത്. എന്നാൽ ഗർഭിണിയായതോടെ അയാൾ അകലുകയും തള്ളിപ്പറയുകയുമായിരുന്നു. ജോലി നഷ്ടപ്പെട്ട്, മൂത്ത മകനുമായി ഒറ്റപ്പെട്ട യുവതി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി. ആത്മഹത്യയെക്കുറിച്ച് വരെ ചിന്തിച്ച ശേഷമാണ് ഒടുവിൽ കുഞ്ഞെങ്കിലും സുരക്ഷിതമായി വളരട്ടെ എന്ന് കരുതി അമ്മത്തൊട്ടിലിനെ അഭയം പ്രാപിക്കാൻ അവർ തീരുമാനിച്ചത്.

കഴിഞ്ഞ മാർച്ച് 12-ന് രാത്രി 10.37-നാണ് എട്ടു ദിവസം മാത്രം പ്രായവും 3.500 ഗ്രാം തൂക്കവുമുള്ള ആൺകുഞ്ഞിനെ കോഴിക്കോട് ബീച്ച് ഗവ. ജനറൽ ആശുപത്രിയോട് ചേർന്നുള്ള അമ്മത്തൊട്ടിലിൽ മൂത്ത മകനോടൊപ്പം എത്തി ഇവർ വയ്ക്കുന്നത്. അലാം മുഴങ്ങിയതോടെ ആരോഗ്യപ്രവർത്തകരെത്തി ഏറ്റെടുത്ത കുഞ്ഞിന് ആശുപത്രി അധികൃതർ “ആരവ്” എന്ന് പേരിടുകയും ചെയ്തു.

കുഞ്ഞിനെ ഉപേക്ഷിച്ച അന്ന് രാത്രി മുതൽ കടുത്ത മാനസിക വിഷമത്തിലായിരുന്ന അമ്മ, പല രാത്രികളിലും ഉറങ്ങാൻ പോലുമായില്ലെന്ന് കണ്ണീരോടെ പറയുന്നു. ഒടുവിൽ സമൂഹമാധ്യമങ്ങൾ വഴി ചൈൽഡ് വെൽഫെയർ കമ്മിറ്റിയിലെ മുൻ അംഗത്തെ കണ്ടെത്തുകയും വെള്ളിമാടുകുന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപഴ്സനെ കണ്ട് അപേക്ഷ നൽകുകയുമായിരുന്നു.

കുഞ്ഞിനെ ഉപേക്ഷിച്ച് 60 ദിവസത്തിനകം അവകാശവാദം ഉന്നയിച്ച് എത്തിയാൽ തിരികെ ലഭിക്കുന്നതിന് വലിയ സാങ്കേതിക തടസ്സങ്ങളില്ലെന്ന നിയമമാണ് ഈ അമ്മയ്ക്ക് ഇപ്പോൾ ആശ്വാസമാകുന്നത്. നവജാത ശിശുക്കളെ നിഷ്ഠൂരമായി കൊന്നുതള്ളുന്ന വാർത്തകൾക്കിടയിൽ, സാങ്കേതിക നൂലാമാലകളെല്ലാം മറികടന്ന് മകനെ നെഞ്ചോട് ചേർക്കാൻ കാത്തിരിക്കുന്ന ഈ അമ്മയുടെ പോരാട്ടം മാതൃത്വത്തിന്റെ വലിയൊരു പ്രതീകമായി മാറുകയാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe