എന്ത് ‘പട്ടം’ ആര് ചാർത്തിത്തന്നാലും അവസാനശ്വാസം വരെ…; അതിരൂപത പറഞ്ഞ ‘തീവ്രവാദ വേരുകൾ’ക്ക് മറുപടിയുമായി ജലീൽ

news image
Apr 29, 2023, 3:22 pm GMT+0000 payyolionline.in

മലപ്പുറം: ക്രൈസ്തവ പുരോഹിതന്മാരുടെ വിമർശനത്തിന് മറുപടിയുമായി കെ ടി ജലീൽ എം എൽ എ. കുറച്ചു കാലമായി ചില പിതാക്കൻമാരിൽ നിന്ന് കേട്ടുകൊണ്ടിരിക്കുന്ന വാക്കുകൾ വല്ലാതെ വേദനിപ്പിച്ചുവെന്നും ഐക്യത്തിന്‍റെ സ്വരമല്ല വെറുപ്പിന്‍റെ  ശബ്ദമാണ് അത്തരം പദപ്രയോഗങ്ങളിലൂടെ ശ്രവിച്ചതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

ചില പുരോഹിതന്മാരുടെ ചില പ്രസ്താവനകൾക്കെതിരെ രൂക്ഷമായ പ്രതികരണം പൊതു പ്രവർത്തകൻ എന്ന നിലയിൽ ഞാൻ നടത്തിയിട്ടുണ്ട്. അതിലെവിടെയും ക്രൈസ്തവ സമുദായത്തെ വേദനിപ്പിക്കുന്ന ഒരു പരാമർശവും ഉണ്ടായിട്ടില്ല. ബന്ധപ്പെട്ട വ്യക്തികളെ മാത്രമാണ് വിമർശിച്ചത്. ആരെയെങ്കിലും തല്ലാനോ കൊല്ലാനോ ആരുടെയെങ്കിലും തലയെടുക്കാനോ ആഹ്വാനം ചെയ്തിട്ടില്ലെന്നും ജലീൽ വ്യക്തമാക്കി.

ഞാനാരാണെന്ന് എനിക്ക് നല്ല ബോധ്യമുണ്ട്. സംഘികളുടെയും കൃസംഘികളുടെയും മുസംഘികളുടെയും വർഗീയതകളെ നിഷ്കരുണം ഇക്കാലമത്രയും തുറന്ന് കാട്ടിയിട്ടുണ്ട്. ഒന്നിനോടും ഒരു വിട്ടുവീഴ്ചയും ചെയ്തിട്ടില്ല. എല്ലാ മതസമുദായങ്ങളിലെയും വർഗീയ കോമരങ്ങളെ ശക്തിയുക്തം എതിർക്കുന്നതിൽ ഒരു പിശുക്കും കാണിച്ചിട്ടില്ല. അതിൻ്റെ പേരിൽ മുസ്ലിം തീവ്രൻമാരുടെ ഭീകരമായ എതിർപ്പ് എനിക്ക് ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്.

അവരെല്ലാവരും കൂടി കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എന്നെ തോൽപ്പിക്കാൻ ബിജെപിയുടെ കൂടെച്ചേർന്ന് ഒരു ചാരിറ്റി തലവനെ കളത്തിലിറക്കിയത് ആരും മറന്ന് കാണില്ല. മതത്തിന്‍റെയും വിശ്വാസത്തിന്‍റെ യും പേരിൽ ആളുകളെ വിഭാഗീകരിച്ച് തല്ലാനും കൊല്ലാനും പുറപ്പെട്ടാൽ നാവടക്കി നിൽക്കില്ല. ന്യായമായത് ആർക്കെങ്കിലും നിഷേധിച്ചാലും നോക്കി നിൽക്കില്ല. അത്തരം അനീതികൾക്കെതിരെ അവസാന ശ്വാസം വരെ പടപൊരുതും. എന്ത് ‘പട്ടം’ ആരൊക്കെ ചാർത്തിത്തന്നാലും ശരിയെന്നും കെ ടി ജലീൽ കുറിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe