‘എമ്പുരാനി’ലൂടെ അഭിനയത്തിലും അരങ്ങേറ്റം കുറിച്ച് ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണി. സിനിമയുടെ ക്ലൈമാക്സ് ഭാഗത്താണ് ആശിഷ് പ്രത്യക്ഷപ്പെടുന്നത്. ആന്‍റണി റാവുത്തര്‍ എന്നാണ് ക്യാരക്ടറിന്‍റെ പേര്. അണിയറക്കാർ ഇപ്പോൾ പുറത്തുവിട്ട പോസ്റ്ററിലൂടെയാണ് ആശിഷിന്റെ കഥാപാത്രത്തിന്റെ പേര് വെളിപ്പെടുത്തിയിരിക്കുന്നത്.
നേരത്തെ ചിത്രത്തിന്‍റെ ട്രെയിലര്‍ ഇറങ്ങിയപ്പോള്‍ മുതല്‍ കൗതുകം ഉണര്‍ത്തിയ കഥാപാത്രം ആയിരുന്നു ഇത്. പലരും ഇത് മണിക്കുട്ടന്‍ ആണെന്നു തെറ്റിദ്ധരിച്ചിരുന്നു. അതേ സമയം കഥാപാത്രത്തിന്‍റെ പേര് പുറത്തുവന്നതോടെ ചിത്രത്തില്‍ ആന്‍റണി പെരുമ്പാവൂര്‍ അവതരിപ്പിച്ച കഥാപാത്രത്തിന്‍റെ മകനാണോ ഇതെന്ന സംശയവും ആരാധകരുടെ ഇടയിൽ ഉയരുന്നുണ്ട്. ഡാനിയല്‍ റാവുത്തര്‍ എന്ന ആന്‍റണി പെരുമ്പാവൂരിന്‍റെ ക്യാരക്ടറിന്‍റെ പോസ്റ്റര്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. അങ്ങനെയെങ്കിൽ സിനിമയിലും അച്ഛനും മകനുമായി വേഷമിട്ട താരങ്ങളെന്ന പ്രത്യേകതയും ഇവർക്കുണ്ട്.
‘എമ്പുരാൻ’ സിനിമയിലെ സർപ്രൈസ് കാസ്റ്റിങുകളിലൊന്നായിരുന്നു ആന്റണി പെരുമ്പാവൂർ അവതരിപ്പിച്ച ഡാനിയൽ റാവുത്തർ എന്ന കഥാപാത്രം. മുംബൈയിലെ അധോലോക സംഘത്തിലൊരുവനായ റാവുത്തർ, അബ്റാം ഖുറേഷിയുമായി അടുത്ത ബന്ധം പുലർത്തുന്ന ആളാണെന്നാണ് സിനിമയിൽ പറയുന്നത്. സിനിമയുടെ മൂന്നാം ഭാഗത്തിൽ ആന്റണി റാവുത്തറിനും ഡാനിയൽ റാവുത്തറിനും തുല്യ പ്രാധാന്യമുണ്ടാകുമെന്നു സൂചനയുണ്ട്. ‘ലൂസിഫർ’ സിനിമയുടെ ക്ലൈമാക്സ് ഭാഗത്തും ആന്റണിയുടെ സാന്നിധ്യമുണ്ടായിരുന്നു. മുംബൈയിൽ നടക്കുന്ന ബോബിയുടെ ഡീലിനടയിലേക്ക് ഖുറേഷിയും സയീദ് മസൂദും എത്തുന്നതാണ് ലൂസിഫറിൽ കാണിക്കുന്നത്. ഇതിൽ ഇവര്‍ക്കു വേണ്ട സഹായം കൊടുക്കാനായി എത്തുന്നതാണ് റാവുത്തറെന്നാണ് ‘എമ്പുരാൻ’ കണ്ടിറങ്ങിയ ആരാധകർ അഭിപ്രായപ്പെടുന്നത്.