ന്യൂഡൽഹി: എമ്പുരാൻ സിനിമ വീണ്ടും സെൻസസർ ചെയ്ത സംഭവം മറ്റ് അജണ്ടകൾ മാറ്റിവെച്ച് അടിയന്തരമായി ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ഇടത് എം.പിമാർ രാജ്യസഭയിൽ ചട്ടം 267 പ്രകാരം നൽകിയ നോട്ടീസ് ചെയർമാൻ ജഗ്ദീപ് ധൻഖർ തള്ളി. ഇതേ തുടർന്ന് കേരളത്തിൽ നിന്നുള്ള ഇടത് എം.പിമാർ സി.പി.ഐ രാജ്യസഭ നേതാവ് എ. സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ ഇറങ്ങിപ്പോയി.
എ. സന്തോഷ് കുമാർ, ജോൺ ബ്രിട്ടാസ്, എ.എ. റഹീം എന്നിവരാണ് അടിയന്തര ചർച്ചക്ക് നോട്ടീസ് നൽകിയത്. നോട്ടീസ് തള്ളിയതിന് പിന്നാലെ, തങ്ങളുടെ ആവശ്യം എന്തെന്ന് പറയാൻ അരമിനിറ്റെങ്കിലും അനുവദിക്കണമെന്ന ആവശ്യവും ചെയർമാൻ തള്ളിയതിനെ തുടർന്നായിരുന്നു ഇറങ്ങിപ്പോക്ക്.
എമ്പുരാൻ സിനിമക്കെതിരെ സംഘപരിവാർ വിദ്വേഷ പ്രചാരണം ശക്തമാക്കുന്നിതിടെ നിർമാതാവ് ആന്റണി പെരുമ്പാവൂർ പ്രതികരണവുമായെത്തി. എമ്പുരാൻ റീ എഡിറ്റ് ചെയ്യാനുള്ള തീരുമാനം അണിയറ പ്രവർത്തകർ ഒരുമിച്ച് എടുത്തതാണെന്നും ആരുടെയും നിർദേശ പ്രകാരമല്ലെന്നും ആന്റണി പെരുമ്പാവൂർ പറഞ്ഞു. ആരെയും വേദനിപ്പിക്കാത്ത സിനിമകളുണ്ടാക്കണമെന്നാണ് എന്നും ആഗ്രഹിച്ചിട്ടുള്ളത്. പൃഥ്വിരാജിനെ ഒറ്റപ്പെടുത്തിയിട്ടില്ല. സിനിമയുടെ കഥ മോഹൻലാലിന് അറിയാമായിരുന്നു. അതറിയില്ലെന്ന് തങ്ങളാരും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പൃഥ്വിരാജിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാൻ ആരെയും അനുവദിക്കില്ല. ഒരിക്കലും പൃഥ്വിരാജിനെ ഒറ്റപ്പെടുത്തേണ്ട കാര്യമില്ല. എത്രയോ കാലമായി അറിയാവുന്ന ആളുകളാണ് ഞങ്ങൾ. ഈ സിനിമ നിര്‍മിക്കണമെന്ന് ഞങ്ങൾ ഒരുമിച്ചെടുത്ത തീരുമാനമാണ്. മുരളി ഗോപിക്ക് അതൃപ്തി ഉണ്ടെന്ന് കരുതുന്നുമില്ല. ആരെയും വേദനിപ്പിക്കാതിരിക്കാനാണ് റീ-എഡിറ്റ് ചെയ്യാനുള്ള തീരുമാനത്തിലേക്ക് എത്തിയതെന്നും അദ്ദേഹം പറഞ്ഞു. ആര്‍ക്കെങ്കിലും വിയോജിപ്പുകളുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല -ആന്റണി പെരുമ്പാവൂർ പറഞ്ഞു.