‘എമ്പുരാൻ രാജ്യവിരുദ്ധത പ്രചരിപ്പിക്കുന്നു’; പ്രദർശനം നിർത്തണമെന്ന് ആവശ്യപ്പെട്ട് ഹൈകോടതിയിൽ ഹരജി

news image
Apr 1, 2025, 7:43 am GMT+0000 payyolionline.in

കൊച്ചി: മോഹൻലാൽ – പൃഥ്വിരാജ് ചിത്രം എമ്പുരാന്‍റെ പ്രദർശനം നിർത്തണമെന്ന് ആവശ്യപ്പെട്ട് ഹൈകോടതിയിൽ ഹരജി. ബി.ജെ.പി തൃശൂർ ജില്ലാ കമ്മിറ്റിയംഗം വിജേഷാണ് ഹരജി നൽകിയത്. സിനിമ രാജ്യവിരുദ്ധത പ്രചരിപ്പിക്കുന്നതും മതവിദ്വേഷത്തിന് വഴിമരുന്നിടുന്നതുമാണെന്നും മനുഷ്യർക്കിടയിൽ കലാപവും അതൃപ്തിയും മതവൈരവും ഉയർത്താൻ കാരണമാകുമെന്നും ഹരജിയിൽ ആരോപിക്കുന്നു.

ദേശീയ അന്വേഷണ ഏജൻസികളെ ഉൾപ്പെടെ ചിത്രത്തിൽ വികലമായി അവതരിപ്പിക്കുന്നു, കേന്ദ്ര പ്രതിരോധ മന്ത്രാലയത്തെ മോശമായി പരാമർശിക്കുന്നു, മതസ്പർധ വളർത്താൻ കാരണമാകുന്നു, ഗോധ്ര കലാപത്തെ അടക്കം തെറ്റായി ദൃശ്യവത്കരിക്കുന്നു, ചരിത്രത്തെ വളച്ചൊടിക്കുന്നു തുടങ്ങിയ ആക്ഷേപങ്ങളാണ് ചിത്രത്തിനെതിരെ ഉയർത്തിയത്. മനുഷ്യർക്കിടയിൽ കലാപവും അതൃപ്തിയും മതവൈരവും ഉയർത്താൻ കാരണമാകും. ഈ സാഹചര്യത്തിൽ ചിത്രത്തിന്‍റെ പ്രദർശനം നിർത്തണമെന്നാണ് ഹരജിക്കാരന്‍റെ ആവശ്യം.

അതേസമയം സിനിമ മോഹൻലാൽ കാണാതെയാണ് റിലീസ് ചെയ്തതെന്ന മേജർ രവിയുടെ പരാമർശം നിർമാതാവ് ആന്‍റണി പെരുമ്പാവൂർ തള്ളി. ‘മോഹൻലാൽ സാറിന് സിനിമയുടെ കഥ അറിയാം. ഞങ്ങൾക്ക് എല്ലാവർക്കും അറിയാം. അത് അറിയില്ലെന്ന് ഞങ്ങളാരും പറഞ്ഞിട്ടില്ല. മോഹൻലാൽ സാറിന് സിനിമയെ കുറിച്ച് അറിയില്ല എന്ന് പറയുന്നതിൽ എനിക്ക് വിയോജിപ്പുണ്ട്. ഞങ്ങൾ എല്ലാവരും ഈ സിനിമയെ കുറിച്ച് മനസിലാക്കിയതാണ്. അതിൽ തെറ്റുകൾ തിരുത്തുക ഞങ്ങളുടെ ചുമതലയാണ്’ -എന്നിങ്ങനെയാണ് ആന്‍റണി പെരുമ്പാവൂരിന്‍റെ പ്രതികരണം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe