‘എയര്‍ റെയ്ഡ് വാണിങ് വരും, സൈറന്‍ മുഴങ്ങും, ആളുകളെ ഒഴിപ്പിക്കും’; കേന്ദ്ര നിർദേശപ്രകാരം 14 ജില്ലകളിലും ഇന്ന് മോക്ഡ്രിൽ

news image
May 6, 2025, 11:51 am GMT+0000 payyolionline.in

തിരുവനന്തപുരം: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനുമായി സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ വിവിധ സംസ്ഥാനങ്ങളില്‍ മോക്‌‍ഡ്രില്‍ നടത്താനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം ഇന്ന് കേരളത്തില്‍ 14 ജില്ലകളിലും തിരഞ്ഞെടുത്ത സ്ഥലങ്ങളില്‍ മോക്‌ഡ്രില്‍ നടത്തും. ഇന്ന് നാലു മണിക്കാണ് മോക്ഡ്രില്‍. സിവില്‍ ഡിഫന്‍സ് മോക്ഡ്രില്ലുകള്‍ സംഘടിപ്പിക്കണമെന്നാണ് കേന്ദ്രം നിര്‍ദേശം നല്‍കിയിരിക്കുന്നത്. വ്യോമാക്രമണം ഉണ്ടായാല്‍ എന്തൊക്കെ മുന്‍കരുതലുകള്‍ പാലിക്കണം എന്നതു സംബന്ധിച്ച് ജനങ്ങള്‍ക്കു വിവരം നല്‍കുക എന്ന ഉദ്ദേശ്യത്തോടെയാണ് മോക്ഡ്രില്‍ നടത്തുന്നതെന്ന് അഗ്നിരക്ഷാസേനാ മേധാവി മനോജ് ഏബ്രഹാം പറഞ്ഞു.

ആംബുലന്‍സുകളും ആശുപത്രികളും ഉള്‍പ്പെടെ ഇതിനായി സജ്ജമാക്കും. ആക്രമണമുണ്ടായാല്‍ സ്വയംസുരക്ഷ ഉറപ്പാക്കാനുള്ള കാര്യങ്ങള്‍ ബോധ്യപ്പെടുത്തുകയാണു ലക്ഷ്യം. തുടക്കമെന്ന നിലയില്‍ എമര്‍ജന്‍സി സൈറന്‍ മുഴങ്ങും. തുടര്‍ന്ന് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് ആളുകള്‍ മാറുകയെന്നതാണ് നിര്‍ദേശം. സാധാരണ വ്യോമാക്രമണം സ്ഥിരമായി നടക്കുന്ന സ്ഥലങ്ങളില്‍ ആളുകള്‍ ബങ്കറുകളിലേക്കു മാറുകയാണ് ചെയ്യുന്നത്. അതേസമയം, ഇവിടെ വലിയ കെട്ടിടങ്ങളുടെ മുകളില്‍ ഒന്നും നില്‍ക്കാതെ ബെയ്‌സ്‌മെന്റ് പാര്‍ക്കിങ് ഉള്‍പ്പെടെയുള്ള സുരക്ഷിത സ്ഥാനങ്ങളിലേക്കാണു മാറേണ്ടത്. പാര്‍ക്ക് പോലെ പൊതുഇടങ്ങളില്‍ നില്‍ക്കാന്‍ പാടില്ല.

ജില്ലാ കലക്ടര്‍മാരും ജില്ലാ ഫയര്‍ ഓഫിസര്‍മാരുമാണ് മോക് ഡ്രില്ലിനു നേതൃത്വം നല്‍കുന്നത്. ജനങ്ങള്‍ക്കും ഇതേക്കുറിച്ചു ധാരണയുണ്ടാകണം. ഓഫിസിലാണെങ്കില്‍ മുകള്‍ നിലയില്‍ നില്‍ക്കാതെ താഴത്തെ നിലയിലേക്കോ പാര്‍ക്കിങ്ങിലേക്കോ മാറണം. ഇന്ന് ആദ്യത്തെ പരിപാടി എന്ന നിലയിലാണ് നടത്തുന്നതെന്നും ജനങ്ങള്‍ ഇക്കാര്യത്തില്‍ ബോധവാന്മാരായി ഭാവിയില്‍ ഏതെങ്കിലും തരത്തിലുള്ള ആക്രമണമുണ്ടായാല്‍ അതനുസരിച്ച് പെരുമാണമെന്നും മനോജ് ഏബ്രഹാം പറഞ്ഞു.

മോക് ഡ്രില്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി എ.ജയതിലകിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നിരുന്നു. യുദ്ധമുണ്ടായാല്‍ വ്യോമാക്രമണത്തിനു ജനങ്ങളെ ജാഗരൂഗരാക്കാന്‍ എയര്‍ റെയ്ഡ് വാണിങ് സംവിധാനം നടപ്പാക്കും. കേരളത്തില്‍ തിരുവനന്തപുരത്തും എറണാകുളത്തുമാണ് പ്രധാനമായും ഇതുള്ളത്. ശത്രുരാജ്യം വ്യോമാക്രമണം നടത്താന്‍ ശ്രമിച്ചാല്‍ വിവരം ലഭിക്കുക വ്യോമസേനയ്ക്കായിരിക്കും. വ്യോമസേനയാണ് വിവിധയിടങ്ങളിലെ കണ്‍ട്രോള്‍ റൂമുകളിലേക്കു സന്ദേശം നല്‍കുക.
മോക് ഡ്രില്ലിന്റെ ഭാഗമായി ഇന്ന് 4 മണിക്ക് എയര്‍ റെയ്ഡ് വാണിങ് വരും. ആദ്യം വിവിധ കേന്ദ്രങ്ങളില്‍ സൈറന്‍ മുഴക്കും. തുടര്‍ന്ന് സിവില്‍ ഡിഫന്‍സ് സംവിധാനം സജീവമാക്കാനാണ് മോക് ഡ്രില്ലിലൂടെ ലക്ഷ്യമിടുന്നത്. ആശയവിനിമയം നടത്താന്‍ ഹാം റേഡിയോയുടെയും മാധ്യമങ്ങളുടെയും സഹായം തേടും. തുടര്‍ന്ന് പ്രധാനപ്പെട്ട സ്ഥലങ്ങളില്‍നിന്ന് ആളുകളെ ഒഴിപ്പിച്ച് സുരക്ഷിതസ്ഥലങ്ങളിലേക്കു മാറ്റുകയും മുന്നറിയിപ്പു നല്‍കുകയും ചെയ്യും. കേരളത്തില്‍ ഏറെ നാളുകള്‍ക്കുള്ളില്‍ ആദ്യമായാണ് സിവില്‍ ഡിഫന്‍സ് മോക്ഡ്രില്‍ നടത്തുന്നത്. സിവില്‍ ഡിഫന്‍സിന്റെ കണ്‍ട്രോളിങ് ഓഫിസര്‍ ജില്ലാ കലക്ടര്‍മാരും നോഡല്‍ ഓഫിസര്‍ ജില്ലാ ഫയര്‍ ഓഫിസറുമാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe