എഴുത്തിന്റെ പെരുന്തച്ചന് വിട നൽകി നാട്, അന്തിമോപചാരം അർപ്പിച്ച് കേരളം; സംസ്കാരം 5 മണിക്ക് സ്മൃതിപഥത്തില്‍

news image
Dec 26, 2024, 10:48 am GMT+0000 payyolionline.in

കോഴിക്കോട്: എഴുത്തിന്റെ പെരുന്തച്ചന് വിട നൽകാനൊരുങ്ങി കോഴിക്കോട്. മൂന്നരയോടെ വീട്ടിൽ ആരംഭിച്ച അന്ത്യകർമ്മങ്ങൾ പൂർത്തിയാക്കി അഞ്ച് മണിയോടെ മാവൂർ റോഡിലെ ശ്മശാനം സ്മൃതിപഥത്തിൽ എംടിക്ക് അന്ത്യവിശ്രമം. മലയാളത്തിന്റെ എംടിക്ക് വിട എന്നഴുതിയ നിറയെ പൂക്കൾ കൊണ്ട് അലങ്കരിച്ച ആംബുലൻസിലാണ് എംടിയെ രണ്ട് കിലോമീറ്റർ മാത്രം അകലെയുള്ള ശ്മശാനത്തിലേക്ക് എത്തിക്കുക.

സമൂഹത്തിന്‍റെ നാനാതുറകളില്‍ നിന്നുളളവര്‍ അന്ത്യാജ്ഞലി അര്‍പ്പിച്ചു. ഔദ്യോഗിക ബഹുമതികളോടെ മാവൂർ റോഡ് ശ്മശാനത്തിൽ വൈകീട്ട് അഞ്ച് മണിക്ക് ആണ് സംസ്കാരം. മലയാള സാഹിത്യത്തിലെ മഞ്ഞുകാലം മാഞ്ഞു. പാതിരാവ് കഴിഞ്ഞ് പകല്‍വെളിച്ചം വീണപ്പോള്‍ കേരളം കോഴിക്കോടങ്ങാടിയിലേക്ക് ചുരുങ്ങി. നടക്കാവ് കൊട്ടാരക്കടവ് റോഡിലെ സിതാരയെന്ന എഴുത്തിന്‍റെ നാലുകെട്ടില്‍ നിശ്ചലനായി ഇതിഹാസമുണ്ട്.

ജീവിതത്തില്‍ ഇനിയൊരു ഊഴമില്ലാതെ. രാത്രി പന്ത്രണ്ടുമണിയോടെയാണ് എംടിയുടെ മൃതദേഹം സ്വകാര്യ ആശുപത്രിയില്‍ നിന്ന് സിതാരയിലേക്ക് കൊണ്ടുവന്നത്. വീടിന് പുറത്തെ പൊതുദര്‍ശനവും മോര്‍ച്ചറി വാസവും വേണ്ടെന്ന എംടിയുടെ ആഗ്രഹം കുടുംബം അതേപടി അനുസരിച്ചു. ഇരുട്ടില്‍ എംടിയുടെ ആത്മാവ് തനിച്ചായിരുന്നില്ല. നന്ദി ചെല്ലാന്‍ നഗരം രാത്രിയും സിതാരയിലെത്തി.

എഴുത്തുകാരന്‍ നിതാന്തനിദ്രയിലാഴുമ്പോൾ തനിച്ചായ ആള്‍ക്കൂട്ടം നെടുവീര്‍പ്പെടുകയും കണ്ണ് നനയ്ക്കുകയും ഓര്‍മ പുസ്തകം നിറയ്ക്കാന്‍ വാക്കുകള്‍ക്കായി പരതുകയും ചെയ്യുന്നുണ്ട്. പുലര്‍ച്ച നടന്‍ മോഹന്‍ലാല്‍ പ്രിയപ്പെട്ട ഇതിഹാസത്തെ യാത്രയാക്കാനെത്തി. പഞ്ചാഗ്നിയിലെ റഷീദും സദയത്തിലെ സത്യനാഥനും താഴ്വാരത്തിലെ ബാലനും രണ്ടാമൂഴത്തിലെ ഭീമനും മോഹന്‍ലാലിനൊപ്പം എംടിയെ വലംവെച്ചു. ചുമരില്‍ ചാരി നിന്ന ലാലിന്‍റെ മുഖത്ത് നഷ്ടത്തിന്‍റെ ആഴം വ്യക്തമായിരുന്നു.

സിനിമയിലും എഴുത്തിന്‍റെ വീരഗാഥ തീര്‍ത്ത  പ്രിയപ്പെട്ട സുഹൃത്തിനെ കാണാനെത്തിയ സംവിധായകന്‍ ഹരിഹരന്‍റെ കണ്ണ് നിറഞ്ഞിരുന്നു. യാത്രയാക്കുന്നു എന്ന് സ്വന്തം ഹരിഹരനെന്ന ഭാവേന കാല്‍ക്കല്‍ കുറേനേരം നോക്കി നിന്നു. ബന്ധങ്ങളില്‍ ഋതുസമിശ്ര കാലമാണ് എംടി. അതുകൊണ്ടാണ് അദ്ദേഹത്തെ കാണാന്‍ രാഷ്ട്രീയക്കാരും സാംസ്കാരിക പ്രവര്‍ത്തകരും സാധാരണക്കാരും ഒഴുകിയെത്തിയത്. മലയാളത്തിന്‍റെ അക്ഷര വെളിച്ചത്തിന് ആദരം അര്‍പ്പിക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ കുടുംബത്തെ ആശ്വസിപ്പിച്ചു.

സാഹിത്യ തറവാട്ടിലെ കാര്‍ന്നോര്‍ക്ക് ഓര്‍മ പൂക്കളര്‍പ്പിക്കാന്‍ ആലങ്കോട് ലീലാ കൃഷ്ണനുള്‍പ്പെടെയുളള സമകാലികരും പുതുതലമുറ എഴുത്തുകാരുമെത്തി. കഥയുടേയും കഥാപാത്രത്തിന്‍റേയും സൃഷ്ടാവിനു മുന്നില്‍ കുട്ട്യേടത്തി വിലാസിനിക്ക് കണ്ണീരാണ് പ്രണാമം. നഖക്ഷതങ്ങളിലെ രാമു കാണാനെത്തുമ്പോൾ നിളയിലെ കുഞ്ഞോളം പോലെ ഓര്‍മകള്‍ അലയടിക്കുന്നുണ്ടായിരുന്നു.

ഓളവും തീരവും ശാന്തമാണ്. സ്വര്‍ഗം തുറക്കുന്ന സമയം നോക്കി കാത്തിരിക്കുന്നുണ്ട് പഞ്ചാഗ്നി കടഞ്ഞെടുത്ത എഴുത്തിന്‍റെ പെരുന്തച്ചന്‍. പടിഞ്ഞാറെ ചക്രവാളത്തില്‍ ഇരുള്‍ പരക്കുന്നതിനു മുന്‍പേ ദാര്‍ എസ് സലാമെന്ന കൃതിയുടെ പേര് പോലെ  ശാന്തിയുടെ കവാടം പുല്‍കാന്‍ ഒരുങ്ങുകയാണ് എംടി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe