ബെംഗളൂരു∙ കേന്ദ്രസർക്കാരിന്റെ നിർദ്ദേശപ്രകാരം സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്എഫ്ഐഒ) നടത്തിവരുന്ന അന്വേഷണത്തിനെതിരെ മുഖ്യമന്ത്രി പിണറായ വിജയന്റെ മകൾ വീണയുടെ കമ്പനി എക്സാലോജിക് കോടതിയെ സമീപിച്ചു. കർണാടക ആസ്ഥാനമായുള്ള കമ്പനിയെന്ന നിലയിൽ, കർണാടക ഹൈക്കോടതിയിലാണ് ഹർജി നൽകിയത്. എസ്എഫ്ഐഒ ഡയറക്ടറും കേന്ദ്രസർക്കാരുമാണ് എതിർകക്ഷികൾ.
സേവനം നൽകാതെ സിഎംആർഎലിൽനിന്ന് പണം വാങ്ങിയെന്ന ആരോപണത്തിൽ എസ്എഫ്ഐഒ വീണയെ ചോദ്യം ചെയ്യുമെന്ന സൂചനകൾക്കിടെയാണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. ഇന്നു രാവിലെയാണ് ഹർജി ഫയൽ ചെയ്തതെന്നാണ് വിവരം. എസ്എഫ്ഐഒ അന്വേഷണത്തിനെതിരെ കെഎസ്ഐഡിസി കേരള ഹൈക്കോടതിയെയും സമീപിച്ചിരുന്നു.
മുതിർന്ന സുപ്രീം കോടതി അഭിഭാഷകൻ സി.എസ്.വൈദ്യനാഥന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തീരുമാനം. പരിശോധനയ്ക്ക് എത്തുമെന്നും ഇതിനു മുന്നോടിയായി വാർഷിക കണക്കുകൾ ഇമെയിലിൽ അയച്ചു നൽകണമെന്നും എസ്എഫ്ഐഒ ചൊവ്വാഴ്ച കെഎസ്ഐഡിസിയോട് ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് അന്വേഷണത്തിനെതിരെ ഇന്നലെത്തന്നെ കോടതിയെ സമീപിച്ചത്. സി.എസ്.വൈദ്യനാഥൻ തന്നെ ഹാജരായി.
എന്നാൽ സ്റ്റേ ആവശ്യം കോടതി അനുവദിച്ചില്ല. പൊതുമേഖലാ സ്ഥാപനമായ കെഎസ്ഐഡിസിക്ക് എന്താണ് ഒളിച്ചുവയ്ക്കാനുള്ളതെന്നു കോടതി ചോദിച്ചിരുന്നു. ജനുവരി 31നാണ് എക്സാലോജിക് കമ്പനിക്കെതിരായ അന്വേഷണം എസ്എഫ്ഐഒയ്ക്ക് വിടാൻ കേന്ദ്ര സർക്കാര്‍ തീരുമാനിച്ചത്. സിഎംആർഎല്ലിന്റെ ഡയറക്ടർ ബോർഡിൽ കെഎസ്ഐഡിസി പ്രതിനിധിയും ഉണ്ട് എന്നതാണ് ഈ പൊതുമേഖലാ സ്ഥാപനത്തേയും അന്വേഷണ പരിധിയിൽ കൊണ്ടുവന്നത്.
അതേസമയം, ഇന്നലെ കെഎസ്ഐഡിസി ഓഫിസിൽ എസ്എഫ്ഐഒ ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു. ഡപ്യൂട്ടി ഡയറക്ടർ അരുൺ പ്രസാദിന്റെ നേതൃത്വത്തിൽ 4 ഉദ്യോഗസ്ഥരാണു പരിശോധന നടത്തിയത്. നാലരയ്ക്കു ശേഷം മടങ്ങി. മൂന്നര മണിക്കൂർ നീണ്ട പരിശോധനയ്ക്കൊടുവിൽ കെഎസ്ഐഡിസിയുടെ അക്കൗണ്ട് സോഫ്റ്റ്‌വെയർ എസ്എഫ്ഐഒ സംഘം ശേഖരിച്ചു. അന്വേഷണം ചോദ്യംചെയ്തു കെഎസ്ഐഡിസി നൽകിയ ഹർജി ഹൈക്കോടതി പരിഗണിച്ചതിന് ഒരു മണിക്കൂർ മുൻപായിരുന്നു പരിശോധന.