എസ്ഐആറിന് ശേഷം വോട്ടർ പട്ടികയിൽ പേരുണ്ടോ എന്ന് പരിശോധിക്കാം; പേര് ഇല്ലെങ്കിൽ ചെയ്യേണ്ട കാര്യങ്ങൾ, പ്രധാന തീയതികൾ അറിയാം

news image
Dec 23, 2025, 6:29 am GMT+0000 payyolionline.in

തിരുവനന്തപുരം: കേരളത്തിലെ വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള തീവ്ര പരിഷ്‌കരണ നടപടികളുടെ ഭാഗമായുള്ള കരട് വോട്ടർ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിർദ്ദേശപ്രകാരം വോട്ടർമാരുടെ വിവരങ്ങൾ കുറ്റമറ്റതാക്കുന്നതിനാണ് ഈ നടപടി. 2026 ജനുവരി 1 യോഗ്യതാ തീയതിയായി നിശ്ചയിച്ചാണ് ഈ പുതുക്കൽ നടക്കുന്നത്. വീടുതോറുമുള്ള പരിശോധനയിലൂടെ അർഹരായ എല്ലാ വോട്ടർമാരെയും പട്ടികയിൽ ഉൾപ്പെടുത്തുകയും, മരണപ്പെട്ടവർ, താമസം മാറിയവർ തുടങ്ങിയവരെ ഒഴിവാക്കുകയും ചെയ്യുന്ന സമഗ്രമായ പ്രക്രിയയാണിത്. കേരളത്തിൽ 2002-ന് ശേഷം ആദ്യമായാണ് ഇത്രയും വിപുലമായ രീതിയിൽ വോട്ടർ പട്ടിക പുതുക്കുന്നത്.

 

കരട് പട്ടികയിൽ പേരുണ്ടോ എന്ന് എങ്ങനെ പരിശോധിക്കാം?

ഇന്ന് പട്ടിക പ്രസിദ്ധീകരിച്ച ശേഷം വോട്ടർമാർക്ക് ഓൺലൈനായി വിവരങ്ങൾ പരിശോധിക്കാം

 

ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക: voters.eci.gov.in

ഹോംപേജിലെ ‘Search your name in E-roll’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

നിങ്ങളുടെ വോട്ടർ ഐഡി (EPIC) നമ്പറോ വ്യക്തിഗത വിവരങ്ങളോ നൽകി പട്ടികയിൽ പേരുണ്ടോ എന്ന് പരിശോധിക്കാം.

 

പ്രധാന തീയതികൾ

കരട് പട്ടിക പ്രസിദ്ധീകരിക്കുന്നത്: 2025 ഡിസംബർ 23

ആക്ഷേപങ്ങളും പരാതികളും സമർപ്പിക്കാനുള്ള സമയം: 2025 ഡിസംബർ 23 മുതൽ 2026 ജനുവരി 22 വരെ.

പരാതികൾ തീർപ്പാക്കുന്നത്: 2026 ഫെബ്രുവരി 14-നകം.

അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നത്: 2026 ഫെബ്രുവരി 21.

പുതിയ വോട്ടർമാർ ശ്രദ്ധിക്കാൻ

പട്ടികയിൽ പേരില്ലാത്തവർക്കോ പുതുതായി പേര് ചേർക്കാൻ ആഗ്രഹിക്കുന്നവർക്കോ ഫോം 6 വഴി അപേക്ഷിക്കാം. നിങ്ങളുടെ ബൂത്ത് ലെവൽ ഓഫീസർ (ബിഎൽഒ) വഴിയോ ECINet ആപ്പ് അല്ലെങ്കിൽ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വെബ്സൈറ്റ് വഴിയോ ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. കരട് പട്ടിക പ്രസിദ്ധീകരിക്കുന്നതിനൊപ്പം, അനധികൃതമായി പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവരുടെ വിവരങ്ങൾ അടങ്ങിയ ASD (Absent, Shifted, Deceased) ലിസ്റ്റും പരിശോധനയ്ക്കായി ലഭ്യമാകും. പേര് അന്യായമായി ഒഴിവാക്കപ്പെട്ടിട്ടുണ്ടെങ്കിൽ പരാതിപ്പെടാൻ ഈ അവസരം ഉപയോഗിക്കാവുന്നതാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe