കൊച്ചി: എൻഎസ്എസ് നാമജപ ഘോഷയാത്ര അന്വേഷണത്തിന് സ്റ്റേ. 4 ആഴ്ച്ചത്തേക്ക് തുടർ നടപടികൾ ഹൈക്കോടതി തടഞ്ഞു. എൻഎസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാർ നൽകിയ ഹർജിയിൽ ആണ് നടപടി. മിത്ത് പരാമർശത്തിൽ സ്പീക്കർ എ എന്‍ ഷംസീറിനെതിരെ എൻഎസ്എസ് തിരുവനന്തപുരത്ത് നടത്തിയ നാമജപയാത്രക്കെതിരെ കേസെടുത്ത സംഭവത്തില്‍ എന്‍എസ്എസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. തിരുവനന്തപുരത്ത് പാളയം ഗണപതിക്ഷേത്രം മുതൽ പഴവങ്ങാടിവരെ നടത്തിയ യാത്രക്കെതിരെ കൻറോൺമെൻ്റ് പൊലീസാണ് കേസെടുത്തത്.പൊലീസ് മുന്നറിയിപ്പ് അവഗണിച്ച് അന്യായമായി സംഘടിച്ചതിനും ഗതാഗതതടസ്സം ഉണ്ടാക്കിയതിനുമാണ് കേസ്. യാത്രക്ക് നേതൃത്വം നൽകിയ എൻഎസ്എസ് വൈസ് പ്രസിഡണ്ട് സംഗീത് കുമാർ ഒന്നാം പ്രതി, ഒപ്പം കണ്ടാലറിയാവുന്ന ആയിരത്തോളം പേർക്കുമെതിരെയാണ് കേസ്.
നാമജപഘോഷ യാത്രക്കെതിരെ കേസെടുത്തത് എൻഎസ്എസ് നേതൃത്വത്തെ കൂടുതൽ പ്രകോപിപ്പിച്ചിരുന്നു. ഇങ്ങിനെയെങ്കിൽ മുഴുവൻ വിശ്വാസികൾക്കുമെതിരെ കേസെടുക്കേണ്ടിവരുമെന്നായിരുന്നു ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ പ്രതികരണം. മിത്ത് വിവാദത്തിൽ സ്പീക്കർ എഎൻ ഷംസീർ പരാമർശം തിരുത്തണമെന്ന ആവശ്യത്തിൽ നിന്നും പിന്നോട്ടില്ലെന്നും സുകുമാരൻ നായർ പറഞ്ഞിരുന്നു.