നിർമ്മാണ തകരാർ കാരണം എഞ്ചിൻ പൊട്ടിത്തെറിച്ച ടൊയോട്ട കാർ സൗജന്യമായി നന്നാക്കി നൽകാൻ കമ്പനിയോട് പാലക്കാട് ജില്ലാ ഉപഭോക്തൃ കമ്മീഷൻ ഉത്തരവിട്ടു. വിമുക്തഭടനായ രതീഷ് നൽകിയ പരാതിയിലാണ് കമ്മീഷൻ്റെ നിർണ്ണായക വിധി. വാഹനം സൗജന്യമായി നന്നാക്കി നൽകിയില്ലെങ്കിൽ ഉപഭോക്താവിന് 9 ലക്ഷം രൂപയും അതിന്റെ പലിശയും നൽകണമെന്നും കമ്മീഷൻ നിർദേശിച്ചു.രതീഷിന്റെ ഉടമസ്ഥതയിലുള്ള ടൊയോട്ട എത്തിയോസ് കാറിന്റെ എഞ്ചിനാണ് പൊട്ടിത്തെറിച്ചത്. സംഭവം അന്വേഷിച്ചപ്പോൾ എഞ്ചിൻ മാറ്റുന്നതിന് 3.70 ലക്ഷം രൂപ ചെലവ് വരുമെന്ന് കമ്പനി അറിയിച്ചു. എന്നാൽ വാഹനത്തിന്റെ തകരാറിന് കാരണം നിർമ്മാണത്തിലെ പിഴവാണെന്ന് രതീഷ് വാദിച്ചു. തുടർന്ന് അദ്ദേഹം ഉപഭോക്തൃ കമ്മീഷനെ സമീപിക്കുകയായിരുന്നു.
രതീഷിന്റെ പരാതി പരിഗണിച്ച കമ്മീഷൻ വാഹനത്തിന്റെ തകരാറിന് കമ്പനിയാണ് ഉത്തരവാദിയെന്ന് കണ്ടെത്തി. ഉപഭോക്താവിന് നീതി ലഭ്യമാക്കുന്നതിനായി വാഹനം സൗജന്യമായി അറ്റകുറ്റപ്പണി നടത്തി നൽകാൻ ടൊയോട്ടക്ക് നിർദ്ദേശം നൽകി.