എൻഡിഎ മൂന്നാം സർക്കാർ രൂപീകരിക്കും, കേരളത്തിൽ അക്കൗണ്ട് തുറന്നു: പ്രധാനമന്ത്രി

news image
Jun 4, 2024, 4:32 pm GMT+0000 payyolionline.in

ന്യൂഡൽഹി∙ എൻഡിഎ മൂന്നാം സർക്കാർ രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്സഭാ തിരഞ്ഞെടുപ്പു ഫലം പുറത്തുവന്നതിനു പിന്നാലെ ബിജെപി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്തു നടത്തിയ പ്രസംഗത്തിലാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്. ബിജെപിയിൽ ജനങ്ങൾ അർപ്പിച്ച വിശ്വാസത്തിന് അദ്ദേഹം ഒരിക്കൽക്കൂടി നന്ദി പറഞ്ഞു. എക്സിറ്റ് പോളുകൾ പ്രവചിച്ചതും ബിജെപി പ്രതീക്ഷിച്ചതുമായ വിജയം കൈവരിച്ചില്ലെങ്കിലും പ്രവർത്തകരുടെ കരഘോഷത്തിനിടെയിലൂടെയായിരുന്നു വേദിയിലേക്ക് മോദിയുടെയും ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡയുടെയും കടന്നുവരവ്. ‘ജയ് ജഗന്നാഥ്’ എന്നു പറഞ്ഞാണ് മോദി പ്രസംഗം തുടങ്ങിയത്.

‘‘ഇതു ജനാധിപത്യത്തിന്റെ വിജയമാണ്. ഭരണഘടനയിൽ വിശ്വാസം ഉണ്ട്. നമ്മുടെ തിരഞ്ഞെടുപ്പ് സംവിധാനത്തെക്കുറിച്ചും അതിന്റെ വിശ്വാസ്യതയെക്കുറിച്ചും അഭിമാനം തോന്നുന്നു. 1962നുശേഷം ആദ്യമായാണ് ഒരു സർക്കാർ തുടർച്ചയായി മൂന്നാം വട്ടം അധികാരത്തിൽ വരുന്നത്. ഒഡീഷയിലും ഞങ്ങൾ സർക്കാർ രൂപീകരിക്കും. ആദ്യമായാണ് അവിടെ ബിജെപിയുടെ മുഖ്യമന്ത്രിയുണ്ടാകുന്നത്. കേരളത്തിൽ അക്കൗണ്ട് തുറന്നു. നിരവധി പാർട്ടി പ്രവർത്തകരുടെ ജീവനാണ് അവിടെ പൊലിഞ്ഞത്. മധ്യപ്രദേശിലും ഉത്തരാഖണ്ഡിലും ഹിമാചൽ പ്രദേശിലും ഡൽഹിയിലും മധ്യപ്രദേശിലും മികച്ച നേട്ടമുണ്ടാക്കിയതിൽ സന്തോഷം.

പ്രതിപക്ഷം ഒന്നിച്ചെങ്കില‍ും ബിജെപിക്ക് ഒറ്റയ്ക്കു കിട്ടിയതിന്റെ അത്രയും സീറ്റുകൾ നേടാൻ അവർക്കായില്ല. മൂന്നാം വട്ടം വലിയ തീരുമാനങ്ങളിലൂടെ പുതിയ തുടക്കം നൽകുമെന്ന മോദിയുടെ ഗ്യാരന്റിയാണ് നൽകാനുള്ളത്.’’ – പ്രസംഗത്തിൽ അദ്ദേഹം വ്യക്തമാക്കി. അതിനിടെ, മോദി നാളെ രാഷ്ട്രപതിയെ കണ്ടേക്കുമെന്നും ഈയാഴ്ച തന്നെ സത്യപ്രതിജ്ഞയുണ്ടായേക്കുമെന്നാണ് പുറത്തുവരുന്ന വിവരം. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡ എന്നിവരും യോഗത്തിനെത്തിയിരുന്നു.

തുടർഭരണം നൽകിയ ജനങ്ങൾക്കു ആദ്യം എക്സിലൂടെയും പ്രധാനമന്ത്രി നന്ദി പറഞ്ഞിരുന്നു. ‘‘ജനങ്ങൾ എൻഡിഎയിൽ മൂന്നാം വട്ടവും വിശ്വാസം അർപ്പിച്ചു. ഇതൊരു ചരിത്രനേട്ടമാണ്. കഴിഞ്ഞ പത്തുവർഷം നടത്തിയ വികസന പ്രവർത്തനങ്ങൾ തുടരുമെന്ന് ഉറപ്പു നൽകുന്നു. ബിജെപി പ്രവർത്തകർക്കും നന്ദി’’ – മോദി എക്സിൽ കുറിച്ചു.

അതേസമയം, മൂന്നാം വട്ടവും ഉത്തർപ്രദേശിലെ വാരാണസി മണ്ഡലത്തിൽനിന്നു വിജയിച്ച നരേന്ദ്ര മോദിയുടെ ഭൂരിപക്ഷം ഇത്തവണ കുറഞ്ഞത് ചർച്ചയായി. യുപി കോൺഗ്രസ് അധ്യക്ഷൻ അജയ് റായ് ആയിരുന്നു മോദിയുടെ എതിരാളി. ഇത്തവണ 1,52,513 വോട്ടുകളുടെ ഭൂരിപക്ഷം മാത്രമാണ് മോദിക്ക് ലഭിച്ചത്. 2014ൽ 3,71,784 വോട്ടുകളും (പോൾ ചെയ്തവയിൽ 36.14% വോട്ടുകൾ) 2019ൽ 4,79,505 വോട്ടുകളുമാണ് (പോൾ ചെയ്തവയിൽ 45.2% വോട്ടുകൾ) ആണ് ലഭിച്ചത്. വാരാണസിയിൽ നോട്ടയ്ക്ക് 8257 വോട്ടുകളും ലഭിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe