എ.ഐ കാമറകൾ കണ്ടെത്തുന്ന നിയമലംഘനങ്ങൾക്ക് ഒരു മാസം പിഴ ചുമത്തില്ല

news image
Apr 20, 2023, 1:50 pm GMT+0000 payyolionline.in

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി സ്ഥാപിച്ച നിർമിത ബുദ്ധി (എ.ഐ) കാമറകൾ വഴി കണ്ടെത്തുന്ന നിയമലംഘനങ്ങൾക്ക് ഒരു മാസം പിഴ ചുമത്തില്ല. ഗതാഗത മന്ത്രി ആന്റണി രാജുവാണ് ഇക്കാര്യം അറിയിച്ചത്. മേയ് 19 വരെ ബോധവത്കരണം നൽകും, പിഴ ഈടാക്കില്ലെന്ന് മന്ത്രി പറഞ്ഞു. കാമറകൾക്കായി പുതിയ നിയമം കൊണ്ടുവന്നിട്ടില്ല. നിയമം തെറ്റിച്ചാൽ ഫോണിൽ സന്ദേശം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.

ഡിജിറ്റൽ ലൈസൻസിലേക്ക് മാറ്റാൻ അടുത്ത ഒരു വർഷത്തേക്ക് 200 രൂപയും പോസ്റ്റൽ ചാർജും അടച്ചാൽ മതി. ഒരു വർഷം കഴിഞ്ഞാൽ 1500 രൂപയും പോസ്റ്റൽ ചാർജും നൽകണം. അടുത്ത മാസം വാഹനങ്ങളുടെ ആർ.സി സ്മാർട് കാർഡ് ആക്കും -മന്ത്രി പറഞ്ഞു.

726 അത്യാധുനിക നിരീക്ഷണ എ.ഐ കാമറകളുടെ പ്രവര്‍ത്തനോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് നിര്‍വഹിച്ചു. ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിച്ചു.

എ.ഐ കാമറ കണ്ടെത്തുന്ന കുറ്റങ്ങളും പിഴയും:

●ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനങ്ങള്‍ – ആദ്യപിഴ 2000, തുടര്‍ന്ന് 4000

●രജിസ്‌ട്രേഷന്‍ ഇല്ലെങ്കില്‍ (സ്വകാര്യവാഹനങ്ങള്‍) 3000

●റോഡ് നികുതി അടച്ചില്ലെങ്കില്‍ സ്വകാര്യവാഹനം- 250

●അമിതവേഗം (കാര്‍) -1500

●ലൈന്‍ ട്രാഫിക് ലംഘനം- 2000

●റെഡ് ലൈറ്റ് മറികടക്കല്‍ -2000

●ഇരുചക്രവാഹനങ്ങളില്‍ രണ്ടില്‍കൂടുതല്‍ പേര്‍ യാത്ര ചെയ്യൽ- 2000

●ലൈറ്റുകള്‍ പ്രവര്‍ത്തിപ്പിക്കാതിരിക്കുക, നോപാര്‍ക്കിങ്, റിയര്‍ വ്യൂ മിറര്‍ ഇളക്കിമാറ്റുക- 250

●തുടര്‍ച്ചയായ വെള്ളവര മുറിച്ചു കടന്നാല്‍ -250

●ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഉപയോഗം- 2000

●സീറ്റ്‌ബെല്‍റ്റ്, ഹെല്‍മറ്റ് ഉപയോഗിക്കാതിരിക്കൽ- 500

●മഞ്ഞവര മുറിച്ചുകടന്നാല്‍ (അപടകരമായ ഡ്രൈവിങ്) – 2000

വരകള്‍ മുറിച്ച് കടക്കുമ്പോൾ

●റോഡിന്റെ മധ്യഭാഗത്ത് തുടര്‍ച്ചയായുള്ള വെള്ള മഞ്ഞ വരകള്‍ മുറിച്ച് കടക്കരുത്

●ഇരട്ട മഞ്ഞവരകള്‍ ഡിവൈഡറായി പരിഗണിക്കണം

●ജങ്ഷനുകളിലെ സ്റ്റോപ് ലൈനുകള്‍ക്ക് മുമ്പായി വാഹനം നിര്‍ത്തണം

●സീബ്രലൈനില്‍ കയറാന്‍ പാടില്ല

●ഇടവിട്ട നീണ്ട വെള്ളവരകള്‍ (ജങ്ഷന്‍ പാലം എന്നിവ സംബന്ധിച്ച് സൂചന)

●തുടര്‍ച്ചയായ വെള്ളവരയും കൂടെ ഇടവിട്ട വെള്ളവരയും (ഇടവിട്ട ലൈന്‍ ഉള്ള ഭാഗത്ത് നിന്നുംവരുന്ന വാഹനങ്ങള്‍ക്ക് ഓവര്‍ടേക്ക് ചെയ്യാം)

●ഇടതുവശത്തെ മഞ്ഞ വര (ഇടത് വശത്ത് പാര്‍ക്കിങ് പാടില്ല)

●നാലുവരിപ്പാതയിലെ ട്രാഫിക് ലൈന്‍ പാലിക്കുക. വേഗം കുറഞ്ഞ വാഹനങ്ങള്‍ ഇടതു വശത്ത് കൂടി.

റോഡുകളിലെ അനുവദനീയ വേഗം

●സ്‌കൂള്‍മേഖല- 30 കി.മീ

●കാറുകൾ: സംസ്ഥാനപാത- 80 കി.മീ, ദേശീയപാത- 85 കി.മീ , ദേശീയപാത നാലുവരി -90 കി.മീ

●ഇരുചക്രവാഹനങ്ങള്‍- സംസ്ഥാനപാത -50 കി.മീ, ദേശീയപാത- 60 കി.മീ, നാലുവരി -70 കി.മീ

●ബസ്, ലോറി -60 കി.മീ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe