കോഴിക്കോട്: എ.ഐ കാമറ നിരീക്ഷണത്തിന്റെ ആശങ്കയിൽ മോട്ടോർ വാഹനവകുപ്പിന്റെ സൈറ്റിൽ കയറിയ സർക്കാർ ഉദ്യോഗസ്ഥന് തന്റെ വാഹനത്തിന്റെ വ്യാജനെ കണ്ടെത്താൻ സഹായമായി. എടക്കാട് കൂണ്ടൂപറമ്പ് സ്വദേശിയായ കാരപ്പറമ്പ് ഗവ. ഹോമിയോ കോളജിലെ ക്ലർക്ക് നിഷാന്തിനാണ് തന്റെ ബുള്ളറ്റിെൻറ പേരിലുള്ള വ്യാജ നമ്പറിനെ കണ്ടെത്താൻ കഴിഞ്ഞത്. ഇതോടെ കോട്ടയം ട്രാഫിക് പൊലീസിന്റെ കാമറയിൽ പതിഞ്ഞ ലോറിയുടെ നമ്പറും കോഴിക്കോട് ആർ.ടി.ഓഫിസിൽ രജിസ്റ്റർ ചെയ്ത തന്റെ ബുള്ളറ്റിനും ഒരേ നമ്പറാണെന്ന് തിരിച്ചറിയുകയായിരുന്നു. ബുള്ളറ്റിന്റെ അതേ നമ്പറിലുള്ള ട്രക്കിന് പൊലീസ് പിഴയിമിട്ടിട്ടുണ്ട്. 2022 ജൂലൈയിലാണ് ഡ്രൈവർ യൂനിഫോം ധരിക്കാത്തതിന്റെ പേരിൽ കോട്ടയം കുറുവിലങ്ങാട് പൊലീസിന്റെ കാമറയിൽ പതിഞ്ഞ കെ.എൽ.65 സി 8780 വാഹനത്തിന് പിഴയിട്ടത്.
ഡ്രൈവർ ബിനു 250 രൂപ പിഴയും ഒടുക്കുകയും ചെയ്തതായി പരിവാഹൻ സൈറ്റിലുണ്ട്. എ.ഐ കാമറ നടപ്പിലായതോടെ വെറുതെ തന്റെ വാഹനത്തെക്കുറിച്ചറിയാൻ വെബ് സൈറ്റിൽ അടിച്ചുനോക്കിയപ്പോഴാണ് തന്റെ വാഹനത്തിന് പിഴ കിട്ടിയ വിവരം അറിയുന്നത്. കൂടുതൽ തിരഞ്ഞതോടെയാണ് ലോറിയുടെ ചിത്രവും പിഴ രസീതുമെല്ലാം സൈറ്റിൽ കാണുന്നുണ്ട്.
ഇതു സംബന്ധിച്ച് കുറുവിലങ്ങാട് സ്റ്റേഷനിൽ വിളിച്ചെങ്കിലും പൊലീസ് കൈമലർത്തി. കോഴിക്കോട് ആർ.ടി.ഒ അധികൃതരെയും ബന്ധപ്പെട്ടെങ്കിലും വ്യക്തമായ മറുപടിയൊന്നും ലഭിച്ചില്ലെന്ന് നിഷാന്ത് പറഞ്ഞു. നിഷാന്തിന്റെ വാഹനത്തിന്റെ എൻജിൻ നമ്പറും ട്രക്കിന്റെ എൻജിൻ നമ്പറും സമാനമായാണ് സൈറ്റിൽ കാണുന്നത്.