എ.സി.മൊയ്തീന്റെ 2 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു; ചോദ്യം ചെയ്യലിനായി നോട്ടിസ് ഉടൻ

news image
Aug 23, 2023, 6:00 am GMT+0000 payyolionline.in

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട തട്ടിപ്പു കേസിൽ സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും മുൻമന്ത്രിയുമായ എ.സി.മൊയ്തീൻ എംഎൽഎയുടെ വീട്ടിൽ നടത്തിയ റെയ്ഡിനു പിന്നാലെ, അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതായി റിപ്പോർട്ട്. മൊയ്തീന്റെ പേരിൽ രണ്ടു ബാങ്കുകളിലായുള്ള 31 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപ അക്കൗണ്ടുകൾ മരവിപ്പിച്ചെന്നാണ് വിവരം. ഇതേ ‌സമയത്ത് പൊലീസ് റെയ്ഡ് നടത്തിയ ബാങ്കുകളുമായി ബന്ധപ്പെട്ടു വായ്പാസ്വർണം വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന മഹാരാഷ്ട്ര സ്വദേശി അനിൽകുമാർ എന്ന സുഭാഷ്, പലിശയ്ക്കു കൊടുക്കുന്ന കണ്ണൂർ സ്വദേശി സതീശൻ എന്നിവരുടെ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചു.

എ.സി.മൊയ്തീന്റെ തെക്കും കര പനങ്ങാട്ടുകരയിലെ വസതിയിൽ നടത്തിയ റെയ്ഡിന്റെ പശ്ചാത്തലത്തിൽ, അദ്ദേഹത്തെ വിശദമായി ചോദ്യം ചെയ്യുന്നതിനായി ഇഡി വിളിപ്പിക്കുമെന്നാണ് വിവരം. ഇതിനായി ഉടൻ നോട്ടിസ് നൽകും. റെയ്ഡിനിടെ മൊയ്തീന്റെ ബാങ്ക് അക്കൗണ്ടിന്റെ വിശദാംശങ്ങളും ആദായനികുതി റിട്ടേണിന്റെ വിശദാംശങ്ങളും ഒത്തുനോക്കിയ ഇഡി ഉദ്യോഗസ്ഥർ, ചില കാര്യങ്ങളിൽ വിശദീകരണം തേടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ സംശയങ്ങൾ ദുരീകരിക്കുന്നതിനാണ് മൊയ്തീനെ നോട്ടിസ് നൽകി വിളിപ്പിക്കാനുള്ള നീക്കം.

കരുവന്നൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് സിപിഎം നേതാക്കളുടെ പങ്കാളിത്തത്തോടെ നടന്ന 300 കോടി രൂപയുടെ തട്ടിപ്പ് അന്വേഷിക്കുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സംഘമാണ്, ഇന്നലെ രാവിലെ മുതൽ ഇന്നു പുലർച്ചെ വരെ അദ്ദേഹത്തിന്റെ വസതിയിൽ റെയ്‍ഡ് നടത്തിയത്. ഏതാണ്ട് 22 മണിക്കൂർ നീണ്ട റെയ്ഡിനു ശേഷം ഇന്നു പുലർച്ചെ അഞ്ചു മണിയോടെയാണ് 12 അംഗ ഇഡി സംഘം മടങ്ങിയത്.

നേരത്തെ ചോദ്യം ചെയ്ത പ്രതികളുടെ മൊഴിയിൽനിന്നാണു മൊയ്തീന്റെ പങ്കിനെക്കുറിച്ച് ഇഡിക്കു സൂചന ലഭിച്ചത്. ആദ്യമായാണു കരുവന്നൂർ തട്ടിപ്പിൽ സിപിഎമ്മിന്റെ മുതിർന്ന നേതാക്കളുടെ ബന്ധം പുറത്തുവരുന്നത്. 25 കോടി രൂപയുടെ വായ്പ ലഭിച്ച 4 പേർ മൊയ്തീന്റ ബെനാമികളാണെന്ന ആരോപണം അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ ഇഡിക്കു ലഭിച്ചിരുന്നു. ഇതു സംബന്ധിച്ച കൂടുതൽ തെളിവുകൾ ലഭിച്ചതോടെയാണു റെയ്ഡിനു വഴിയൊരുങ്ങിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe