ആധുനിക സൗകര്യങ്ങളോടെ സംസ്ഥാനത്തെ മാതൃകാ ബസ് ഷെൽട്ടർ കൊച്ചി കളമശ്ശേരി എച്ച് എം ടി കവലയില്‍ തുറന്നു. മ്യൂസിക് സംവിധാനവും മൊബൈല്‍ ചാര്‍ജിങ് പോയിന്റുകളും വൈഫൈ സൗകര്യവും ഉള്‍പ്പെടെയുള്ള ശീതീകരിച്ച ബസ് ഷെല്‍ട്ടര്‍ മന്ത്രി പി രാജീവ് പൊതുജനങ്ങള്‍ക്കായി തുറന്നുനല്‍കി.
കളമശ്ശേരിയില്‍ മന്ത്രി പി രാജീവിന്റെ നിര്‍ദേശപ്രകാരം നടപ്പാക്കിയ ഗതാഗത പരിഷ്‌കാരത്തിന്റെ തുടര്‍ച്ചയായാണ് സംസ്ഥാനത്തെ ഏറ്റവും മികച്ച സൗകര്യങ്ങളോടെ ബസ് ഷെല്‍ട്ടര്‍ നിര്‍മിച്ചത്. നിപ്പോണ്‍ ടൊയോട്ട സി എസ് ആര്‍ ഫണ്ട് വിനിയോഗിച്ച് നിര്‍മിച്ച ഈ ഷെല്‍ട്ടര്‍, പൂര്‍ണമായും എയര്‍ കണ്ടീഷന്‍ഡ് ആണ്. പൊലീസ് സ്റ്റേഷനിലേക്ക് 24 മണിക്കൂറും ഓണ്‍ലൈനായി ബന്ധപ്പെടാനുള്ള സി സി ടി വി ക്യാമറകളുമുണ്ട്.
കളമശ്ശേരി മണ്ഡലത്തിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ഏറെ പ്രയോജനപ്പെടുന്നതാണ് ഈ ഷെല്‍ട്ടര്‍. എച്ച് എം ടി കവലയില്‍ ട്രാഫിക് പരിഷ്‌കരിച്ചതോടെ ആലുവ ഭാഗത്തേക്കും എറണാകുളം ഭാഗത്തേക്കും പോകുന്നവര്‍ക്ക് പുതിയ കാത്തിരിപ്പ് കേന്ദ്രം ഒരേ സമയത്ത് ഉപയോഗിക്കാം. കുട്ടികളിലെ വായനാശീലത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി ബസ് ഷെല്‍ട്ടറിനോട് അനുബന്ധമായി ഒരു ലിറ്റില്‍ ലൈബ്രറി സ്ഥാപിക്കുമെന്നും മന്ത്രി രാജീവ് അറിയിച്ചു.
കൗണ്‍സിലര്‍ നെഷീദ സലാം അധ്യക്ഷയായ ചടങ്ങില്‍ നിപ്പോണ്‍ ടൊയോട്ട ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ എം എ എം ബാബു മൂപ്പന്‍, കൗണ്‍സിലര്‍ കെ കെ ശശി, യുവജനക്ഷേമ ബോര്‍ഡ് ജില്ലാ കോ-കാര്‍ഡിനേറ്റര്‍ എ ആര്‍ രഞ്ജിത് തുടങ്ങിയവര്‍ പങ്കെടുത്തു.