തിരുവനന്തപുരം∙ ഏക വ്യക്തി നിയമത്തിനെതിരെ മുസ്ലിം ലീഗിനെ സമരത്തിനു ക്ഷണിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനു മറുപടിയില്ലെന്നു കെ.സുധാകരൻ. വിഷയത്തിൽ അഖിലേന്ത്യാ തലത്തിൽ കോൺഗ്രസ് നിലപാടു സ്വീകരിക്കുമെന്നും ഗോവിന്ദന്റെ തലയ്ക്കു സുഖമില്ലെന്നും സുധാകരൻ പരിഹസിച്ചു.
കോൺഗ്രസ് നേതാവും എംപിയുമായ ഹൈബി ഈഡന്റെ തലസ്ഥാനമാറ്റമെന്ന ആവശ്യത്തോടും സുധാകരൻ പ്രതികരിച്ചു. ‘‘ഹൈബിയുടേത് വ്യക്തിപരമായ അഭിപ്രായമാണ്. കോൺഗ്രസിൽ അക്കാര്യം ചർച്ചചെയ്തിട്ടില്ല, അത്തരം അഭിപ്രായമില്ല. എംപി എന്ന നിലയിൽ ബിൽ അവതരിപ്പിക്കാൻ ഹൈബിക്ക് അവകാശമുണ്ട്’’–സുധാകരൻ വിശദീകരിച്ചു.
കേരളത്തിന്റെ തലസ്ഥാനം കൊച്ചിയിലേക്കു മാറ്റണമെന്നു ആവശ്യപ്പെട്ട് ഹൈബി ഈഡൻ മാർച്ചിലാണു സ്വകാര്യബിൽ അവതരിപ്പിച്ചത്. കേരളത്തിന്റെ തെക്കേയറ്റത്തുള്ള നഗരമെന്ന നിലയിൽ, തലസ്ഥാനമായ തിരുവനന്തപുരത്തു വന്നുപോകുന്നത് വടക്കൻ ജില്ലകളിൽ നിന്നുള്ളവർക്കു വലിയ ബുദ്ധിമുട്ടുള്ള കാര്യമാണെന്നാണു ഹൈബി അവതരിപ്പിച്ച ബില്ലിൽ പറയുന്നത്.
മുഖ്യമന്ത്രി പിണറായി വിജയനു പുറമേ കോൺഗ്രസ് നേതാക്കൾ തന്നെ ഹൈബിയുടെ ആവശ്യം തള്ളിയിരുന്നു. ഹൈബി പാർലമെന്റിൽ അവതരിപ്പിച്ചതു സ്വകാര്യ ബില്ലാണെന്നും കോൺഗ്രസിന്റെ നിലപാട് അല്ലെന്നുമായിരുന്നു പ്രതിപക്ഷനേതാവ് വി.ഡി.സതീശന്റെ പ്രതികരണം.