‘ഏക സിവിൽ കോഡിൽ ഏകാഭിപ്രായം വേണം, വ്യക്തി നിയമങ്ങളിൽ കൂടിയാലോചന വേണം’; എംപിമാരുടെ യോഗത്തില്‍ മുഖ്യമന്ത്രി

news image
Jul 13, 2023, 2:22 pm GMT+0000 payyolionline.in

തിരുവനന്തപുരം : ഏക സിവിൽകോഡിൽ ഏകകണ്ഠമായ അഭിപ്രായം വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജൂലൈ 20 ന് പാർലമെന്റ് സമ്മേളനം തുടങുന്നതിന് മുന്നോടിയായി വിളിച്ച എംപിമാരുടെ യോഗത്തിലാണ് മുഖ്യമന്ത്രിയുടെ ആഹ്വാനം. വ്യക്തിനിയമങ്ങളിൽ കൂടിയാലോചനകൾ വേണം. തിടുക്കപ്പെട്ട തീരുമാനം ജനാധിപത്യ രീതിയല്ലെന്നും വിമർശനം.

‘രാജ്യത്തെ നാനാജാതിമതസ്ഥരുടെയും ജനവിഭാഗങ്ങളുടെയും അഭിപ്രായങ്ങള്‍ വേണ്ട രീതിയില്‍ സ്വരൂപിക്കാതെ നടത്തുന്ന പ്രഖ്യാപനങ്ങള്‍ മത ന്യൂനപക്ഷങ്ങളുടെ ഇടയില്‍ വലിയ ആശങ്ക ഉയര്‍ത്തിയിരിക്കുകയാണ്. വ്യക്തിനിയമങ്ങളുടെ കാര്യത്തില്‍ ആവശ്യമായ ചര്‍ച്ചകള്‍ നടത്താതെ തിടുക്കത്തില്‍ തീരുമാനം കൈക്കൊള്ളുന്നത് ജനാധിപത്യ ഭരണരീതിക്ക് ഒട്ടും യോജിച്ചതല്ല.
രാജ്യത്തിന്‍റെ ഐക്യത്തിനും അഖണ്ഡതയ്ക്കും എല്ലാ വിഭാഗങ്ങളുടെയും വിശ്വാസ്യതയും തുല്യ പങ്കാളിത്തവും അനിവാര്യമായിരിക്കെ, ചില ന്യൂനപക്ഷ വിഭാഗങ്ങളുടെ മനസ്സില്‍ ഭീതിയും ആശങ്കയും പരത്തി ധ്രുവീകരണം ലക്ഷ്യമിട്ടുള്ള നടപടിയായി ഏക സിവില്‍ കോഡ് മാറരുത്. ഈ അഭിപ്രായം മതനിരപേക്ഷ ജനാധിപത്യ മൂല്യങ്ങളില്‍ വിശ്വസിക്കുന്ന എല്ലാവര്‍ക്കുമുണ്ട്’. മതനിരപേക്ഷതയുടെ കാര്യത്തില്‍ രാജ്യത്തിനാകെ മാതൃകാ സംസ്ഥാനമായ കേരളത്തിന്‍റെ വിവിധ മണ്ഡലങ്ങളെ പ്രതിനിധാനം ചെയ്യുന്ന പാര്‍ലമെന്‍റ് അംഗങ്ങള്‍ ഏകകണ്ഠമായ അഭിപ്രായം ഇക്കാര്യത്തില്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

സംസ്ഥാന വിഷയങ്ങളില്‍ കേന്ദ്രം നടത്തുന്ന നിയമനിര്‍മ്മാണ നടപടികളെ പാര്‍ലമെന്‍റില്‍ ശക്തമായി എതിര്‍ക്കണമെന്നും യോഗത്തിൽ മുഖ്യമന്ത്രി എംപിമാരോട് ആവശ്യപ്പെട്ടു. 2023 ആഗസ്ത് 15 മുതല്‍ സെപ്തബര്‍ 15 വരെ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും കേരളത്തിലേക്കുള്ള വിമാനക്കൂലിയില്‍ അമിതമായ വര്‍ദ്ധന ഉണ്ടായിട്ടുണ്ട്. ഓണക്കാലത്ത് കേരളത്തിലേക്ക് വരുന്ന പ്രവാസികള്‍ക്ക് ഇത് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യമാണ്. ഈ വിഷയം കേന്ദ്രവ്യോമയാന മന്ത്രിക്ക് അയച്ച കത്തില്‍ എടുത്ത് പറഞ്ഞിട്ടുണ്ട്. യാത്ര സുഗമമാക്കാന്‍ ചട്ടങ്ങള്‍ക്ക് അനുസൃതമായി ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഓപ്പറേറ്റ് ചെയ്യാനുള്ള സംസ്ഥാനത്തിന്റെ ആവശ്യത്തിൻമേൽ  അനുമതി ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാരിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe