ഏപ്രിൽ ഒന്ന് മുതൽ കെട്ടിട നികുതി വർഷംതോറും അഞ്ചു ശതമാനം വർധിപ്പിക്കും

news image
Mar 21, 2023, 2:31 pm GMT+0000 payyolionline.in

തിരുവനന്തപുരം: കെട്ടിട നികുതി വർഷം തോറും അഞ്ച്​ ശതമാനം വർധിപ്പിക്കാൻ വ്യവസ്ഥ ചെയ്യുന്ന ധനകാര്യ ബിൽ (രണ്ടാം നമ്പർ) നിയമസഭ പാസാക്കി. ഇത്​ ഏപ്രിൽ ഒന്നിന്​ നിലവിൽ വരും. തലേ വർഷ നികുതിയിൽ അഞ്ചുശതമാനമാകും തൊട്ടടുത്ത വർഷത്തെ വർധന. ഓരോ അഞ്ചു വർഷത്തിലും തദ്ദേശ സ്ഥാപനങ്ങൾക്ക്​ കെട്ടിട നികുതി (വസ്തുനികുതി) പുനർനിർണയിക്കാം. ഭൂമിയുടെ ന്യായവിലയെയും നികുതി നിർണയത്തിൽ അവലംബമാക്കും. ബജറ്റിലെ പ്രഖ്യാപനത്തിന്‍റെ ചുവടുപിടിച്ചാണ്​ നിരക്ക്​ വർധന. അതേസമയം, ഒരാളുടെ ഒന്നിലധികമുള്ള വീടിന്​ ഉയർന്ന നികുതിയെന്ന പ്രഖ്യാപനം ഒഴിവാക്കി. പഞ്ചയത്തീരാജ്​-നഗരപാലിക നിയമത്തിലാണ്​ ഭേദഗതി.

ഭൂമിയുടെ ന്യായവില കൂടി അടിസ്ഥാനമാക്കിയാൽ ഭാവിയിൽ ​നികുതി നിർണയ രീതി മാറുന്നതിന്​ വഴിയൊരുക്കും. കൂടുതൽ ബാധ്യത ഉടമകൾക്ക്​ വരുകയും ചെയ്യും. നികുതി നിർണയത്തിനായി കെട്ടിടത്തിലെ മേൽക്കൂരയുള്ള ഏതെങ്കിലും ഭാഗത്തെ ഒഴിവാക്കുകയോ മേൽക്കൂരയില്ലാത്ത ഭാഗ​ത്തെ ഉൾപ്പെടുത്തുകയോ മേൽക്കൂരയുള്ളതും ചുമരില്ലാത്തുമായ ഏതെങ്കിലും ഭാഗത്തെ ഉൾപ്പെടുത്തുകയോ ചെയ്യാം. തറ വിസ്തീർണത്തിന്‍റെ അടിസ്ഥാനത്തിലോ ഭൂമിയുടെ ന്യായ വില ഉൾ​പ്പെടെ ഏതെങ്കിലും ഘടകങ്ങളുടെ അടിസ്ഥാനത്തിലോ നിരക്കുകൾ നിശ്ചിയിക്കാം. പുതിയതും പുതുക്കിപ്പണിതതും ഉപയോഗത്തിൽ മാറ്റം വരുത്തിയതുമായ കെട്ടിടങ്ങളുടെ കാര്യത്തിൽ സെക്രട്ടറി നികുതി നിശ്ചയിച്ച്​ തുടർനടപടി എടുക്കും. അഞ്ചു​ ശതമാനം വീതം വർധനയുടെ കാര്യം ഡിമാൻഡ്​ നോട്ടീസിൽ ഉൾപ്പെടുത്തണം. ഇതല്ലാത്ത കെട്ടിടങ്ങൾക്കും വർഷം അഞ്ച്​ ശതമാനം വരുന്ന വർധന ഡിമാൻഡ്​​ നോട്ടീസിൽ ഉൾപ്പെടുത്തും.

തറ വിസ്തീർണം, ഭൂമിയുടെ തറവില, നിർമിതിയുടെ ഏതെങ്കിലും ഘടകം എന്നിവയുടെ പേരിലോ ഇവ എല്ലാറ്റിന്‍റേയുമോ അടിസ്ഥാനത്തിൽ കെട്ടിട നികുതി കണക്കാക്കാം. സർക്കാർ, എയ്​ഡഡ്​ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കെട്ടിടങ്ങൾക്കും ഹോസ്റ്റലുകൾക്കും കളിസ്ഥലങ്ങൾക്കും വായനശാലകൾക്കും ഇളവുണ്ട്​. സർക്കാർ അംഗീകാരമുള്ള അൺ എയ്​ഡഡ്​ സ്കൂളുകൾക്കും ​കെട്ടിടങ്ങൾക്കും ഇളവുണ്ടാകില്ല. വീട്ടുടമസ്ഥൻ താമസിക്കുന്ന 60 ചതുരശ്ര മീറ്ററിൽ കൂടാത്ത വീടുകൾക്ക്​ ഇളവുണ്ടാകും. കെട്ടിക നികുതി, ഫീസ്​ എന്നിവ അടക്കുന്നതിൽ വീഴ്ച വരുത്തിയാൽ പിഴ ഒന്നിൽനിന്ന്​ രണ്ടു ശതമാനമായി ഉയർത്തി. കുടിശ്ശിക പൊതുനികുതി കുടിശ്ശിക എന്ന പോലെ ഈടാക്കും. തദ്ദേശ സെക്രട്ടറിക്ക്​ വാറന്‍റ്​​ പ്രകാരം വീഴ്ച വരുത്തുന്നവരുടെ ജംഗമ വസ്തുക്കൾ ജപ്തി ചെയ്ത്​ വിറ്റ്​​ നേരിട്ട്​ ഈടാക്കാം. ജപ്തി അപ്രായോഗികമാണെങ്കിൽ മജിസ്​ട്രേറ്റ്​ മുമ്പാകെ പ്രോസിക്യൂട്ട്​ ചെയ്യും.

നഗരസഭ നടത്തുന്നതോ ധനസഹായത്തോടെ നടത്തുന്നതോ ആയ സ്ഥാപനങ്ങളുടെ ഗുണഭേക്താക്കളിൽ നിന്ന്​ ഫീസുകൾ പിരിക്കാം. നഗരസഭയുടെ ശൗചാലയമോ മറ്റു​ സൗകര്യമോ സേവനമോ ഉപയോഗിക്കുന്നവരിൽ നിന്ന്​ സർവിസ്​ ചാർജ്​ ഈടാക്കാം. സർവിസ്​ ചാർജായി പിരിക്കുന്ന തുക ഈ സൗകര്യങ്ങളുടെ പരിപാലനത്തിനും സംരക്ഷണത്തിനും ഉപയോഗിക്കാനും വ്യവസ്ഥയുണ്ട്​.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe