വാഷിങ്ടൺ: വിവിധ രാജ്യങ്ങൾ തീരുവ ചുമത്താനുള്ള ഡോണാൾഡ് ട്രംപിന്റെ തീരുമാനം ടെക് ഭീമന് ആപ്പിളിനും വൻ തിരിച്ചടിയുണ്ടാകും. ആപ്പിൾ ഐഫോണുകളുടെ നിർമാണം പ്രധാനമായും നടക്കുന്ന ചൈനക്കും ഇന്ത്യക്കും വിയ്റ്റനാമിനുമെല്ലാം ട്രംപ് അധിക തീരുവ ചുമത്തിയിട്ടുണ്ട്. ഇതോടെ യു.എസിൽ ഐഫോൺ വില ഉയർന്നേക്കുമെന്നാണ് ആശങ്ക.
ഐഫോണിന്റെ നിർമാണം പ്രധാനമായും നടക്കുന്ന ചൈനക്കുമേൽ 34 ശതമാനം തീരുവയും ഇന്ത്യക്ക് 26 ശതമാനം തീരുവയും യു.എസ് ചുമത്തിയിട്ടുണ്ട്. ഇതോടെ ഐഫോൺ വില 30 ശതമാനം മുതൽ 40 വരെ ഉയരുമെന്നാണ് റിപ്പോർട്ട്.ഇതോടെ നിലവിൽ 799 ഡോളറുള്ള ഐഫോൺ 16യുടെ വില 68,000ത്തിൽ നിന്ന് 97,000 രൂപയായി ഉയരും. ഏറ്റവും മുന്തിയ മോഡലായ ഐഫോൺ 16 പ്രോയുടെ വില ഒരു ടി.ബി മോഡലിന്റേത് രണ്ട് ലക്ഷമായി ഉയരും.
നേരത്തെ ട്രംപിന്റെ തീരുവക്ക് പിന്നാലെ യു.എസ് ഓഹരി വിപണികളിൽ കനത്ത ഇടിവുണ്ടായിരുന്നു. ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ആവേറജിൽ 1,679.39 പോയിന്റിന്റെ ഇടിവാണ് ഉണ്ടായത്. 3.98 ശതമാനം നഷ്ടമാണ് ഡൗ ജോൺസിൽ ഉണ്ടായത്. എസ്&പി 500 274 പോയിന്റ് ഇടിഞ്ഞു. 4.84 ശതമാനം നഷ്ടമാണ് ഉണ്ടായത്. നാസ്ഡാകിൽ 1050.44 പോയിന്റ് നഷ്ടമാണ് ഉണ്ടായത്. 5.97 ശതമാനമാണ് നാസ്ഡാക്കിലെ നഷ്ടം. 16,550.61ലാണ് നാസ്ഡാക്കിലെ വ്യാപാരം.
ഓഹരികളിൽ ആപ്പിളിനാണ് കനത്ത നഷ്ടമുണ്ടായത്. 9.2 ശതമാനം ഇടിവാണ് ആപ്പിളിനുണ്ടായത്. അഞ്ച് വർഷത്തിനിടെ ആപ്പിളിനുണ്ടാവുന്ന ഏറ്റവും വലിയ പ്രതിദിന നഷ്ടമാണിത്. മറ്റൊരു ഐ.ടി ഭീമനായ നിവിദിയക്ക് 7.8 ശതമാനം നഷ്ടമുണ്ടായി. ആമസോൺ ഓഹരിക്ക് ഒമ്പത് ശതമാനം നഷ്ടമുണ്ടായി. മൈക്രോസോഫ്റ്റിന് 2.4 ശതമാനം നഷ്ടമുണ്ടായി.