ഐഫോൺ 17ഇ രണ്ടാഴ്ചക്കകം പുറത്തിറങ്ങും; വരുന്നത് സാധാരണക്കാരന്റെ ഐഫോൺ

news image
Feb 9, 2026, 7:21 am GMT+0000 payyolionline.in

മുംബൈ: സാധാരണക്കാരായ സ്മാർട്ട് ഫോൺ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് ആപ്പിൾ നിർമിക്കുന്ന ഐഫോൺ 17ഇ ഫെ​ബ്രുവരി 19ന് പുറത്തിറങ്ങുമെന്ന് സൂചന. ഈ മാസം അവസാനം പുറത്തിറങ്ങുമെന്ന വ്യാപക അഭ്യൂഹങ്ങൾക്കിടെയാണ് സമൂഹ മാധ്യമ ചർച്ചകൾ പുതിയ സൂചന നൽകിയത്. എന്നാൽ, ഔദ്യോഗികമായി ആപ്പിൾ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ വർഷം ആപ്പിൾ ഐഫോൺ 16ഇ വിപണിയിലെത്തിച്ചിരുന്നു. ഐഫോൺ എസ്ഇ ഉത്പാദനം നിർത്തിയാണ് ഐഫോൺ 16ഇ പുറത്തിറക്കിയത്.

‘ബജറ്റ് ഫ്രണ്ട്‌ലി’ ഐഫോണുക​ളെയാണ് ‘ഇ’ എന്ന പേരിൽ ആപ്പിൾ വിളിക്കുന്നത്. ‘ഇ’ എന്നത് കൊണ്ട് എന്താണ് അർഥമാക്കുന്നതെന്ന് ആപ്പിൾ ഇതുവരെ വിശദീകരിച്ചിട്ടില്ല. എന്നാൽ, ‘ഇകണോമിക്കൽ’ എന്നതിന്റെ ചുരുക്കമാണിതെന്ന് വ്യവസായ മേഖലയിലെ വിദഗ്ധരും ഐഫോൺ പ്രേമികളും പറയുന്നു. ഐഫോൺ 17ഇയുടെ വില 599 ഡോളർ അതായത് 54,350 രൂപയായിരിക്കുമെന്നാണ് ബ്ലൂംബർഗ് പറയുന്നത്.

പുറത്തിറങ്ങാനിരിക്കുന്ന ഐഫോൺ 17ഇ-യെക്കുറിച്ചുള്ള വിവരങ്ങൾ ആക്‌സസറി നിർമാതാക്കൾക്കിടയിൽ പ്രചരിക്കാൻ തുടങ്ങിയിട്ടുണ്ടെന്ന് മാക്‌വേൾഡ് റിപ്പോർട്ട് ​ചെയ്തു. ഫെബ്രുവരി 19ന് തന്നെ ഫോൺ ലോഞ്ച് ചെയ്യാൻ സാധ്യതയുണ്ടെന്നും ഈ റിപ്പോർട്ട് സൂചിപ്പിക്കുന്നു. ​ഉത്പന്നങ്ങൾ പുറത്തിറക്കുന്ന കാര്യം ആപ്പിൾ ഔദ്യോഗികമായി ആക്സസറി കമ്പനികളുമായി പങ്കുവെക്കാറില്ല. ചില സൂചനകളുടെ അടിസ്ഥാനത്തിലാണ് ആക്സസറി കമ്പനികൾ ഇക്കാര്യങ്ങൾ മനസിലാക്കുന്നത്.

ഫെബ്രുവരി 19 വ്യാഴാഴ്ചയാണ്. ആപ്പിൾ ഉത്പന്നങ്ങൾ പുറത്തിറക്കാൻ സാധ്യതയില്ലാത്ത ദിവസമാണത്. എന്നാൽ, വലിയ ആഘോഷങ്ങളും ചടങ്ങുകളുമെല്ലാം ഒ​ഴിവാക്കി ലളിതമായ വാർത്ത കുറിപ്പിലൂടെ ഐഫോൺ 16ഇ കഴിഞ്ഞ വർഷം ആപ്പിൾ പുറത്തിറക്കിയിരുന്നു. ഈ വർഷവും സമാന രീതിയിൽ ആഘോഷങ്ങളില്ലാതെ ഐഫോൺ 17ഇ പുറത്തിറക്കുമെന്നാണ് സൂചന. അപ്ഡേറ്റ് ചെയ്ത എം5 പ്രോ, എം5 മാക്സ് മാക്ബുക്കുകളും ഫെബ്രുവരി ആദ്യം പുറത്തിറക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.

മാഗ്സേഫ് സ​പ്പോർട്ടാണ് ഐഫോൺ 17​ഇ​യിലെ പ്രധാന മാറ്റം. 25 വാട്ട് വരെ വയർലെസ് ചാർജിങ്ങിന് സഹായിക്കുന്നതാണ് പുതിയ മാഗ്സേഫ്. മാഗ്സേഫ് പൂർണമായും ഒഴിവാക്കിയ ഐഫോൺ 16ഇയിൽ വേഗത കുറഞ്ഞ 7.5 വാട്ട് ക്യൂഐ വയർലെസ് ചാർജിങ് സപ്പോർട്ടാണുണ്ടായിരുന്നത്. അതേസമയം രൂപകൽപനയിൽ ഒരു മാറ്റവും വിപണി പ്രതീക്ഷിക്കുന്നില്ല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe