ന്യൂഡല്‍ഹി: ഇന്ത്യൻ സൂപ്പർ ലീഗ് (ഐ.എസ്.എൽ) അനിശ്ചിതകാലത്തേക്ക് നീട്ടിവെച്ചതായി റിപ്പോർട്ട്. 2025-26 സീസൺ തൽക്കാലം സാധ്യമല്ലെന്ന് ലീഗ് നടത്തിപ്പുകാരായ ഫുട്ബാള്‍ സ്പോര്‍ട്സ് ഡെവലപ്മെന്‍റ് ലിമിറ്റഡ് (എഫ്.എസ്.ഡി.എൽ) ക്ലബുകളെയും അഖിലേന്ത്യ ഫുട്ബാള്‍ ഫെഡറേഷനെയും (എ.ഐ.എഫ്.എഫ്) അറിയിച്ചതായാണ് വിവരം.
റിലയന്‍സ് ഗ്രൂപ്പിന്‍റെ കീഴിലുള്ളതാണ് എഫ്.എസ്.ഡി.എൽ. സെപ്റ്റംബറിലാണ് ഐ.എസ്.എൽ നടക്കേണ്ടിയിരുന്നത്. സംപ്രേഷണാവകാശ കരാർ തർക്കമാണ് ലീഗ് മാറ്റിവെക്കാൻ കാരണമെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. നേരത്തെ, ഐ.എസ്.എൽ ഉൾപ്പെടുത്താതെയാണ് എ.ഐ.എഫ്.എഫ് പുതിയ സീസണ്‍ മത്സരകലണ്ടർ പുറത്തിറക്കിയത്. എ.ഐ.എഫ്.എഫും ലീഗ് നടത്തിപ്പുകാരായ എഫ്.എസ്.ഡി.എലുമായുള്ള കരാര്‍ ഡിസംബറില്‍ അവസാനിക്കുകയാണ്. കരാര്‍ പുതുക്കുന്നതു സംബന്ധിച്ച് നീക്കങ്ങളൊന്നും ഇതുവരെ നടന്നിട്ടില്ല. കരാറനുസരിച്ച് എഫ്.എസ്.ഡി.എല്‍ വര്‍ഷത്തില്‍ 50 കോടി രൂപ ഫെഡറേഷന് നല്‍കുന്നുണ്ട്. പകരമായി മത്സരങ്ങളുടെ സംപ്രേഷണം ഉള്‍പ്പെടെയുള്ള വാണിജ്യ അവകാശങ്ങള്‍ എഫ്.എസ്.ഡി.എല്‍. 2014ലാണ് ഐ.എസ്.എല്‍ തുടങ്ങിയത്. 2019ല്‍ ഐ ലീഗിനെ മറികടന്ന് ഐ.എസ്.എല്‍ ഇന്ത്യയിലെ ഒന്നാം ഡിവിഷന്‍ ലീഗായി ഉയര്‍ത്തപ്പെട്ടു.
കനത്ത നഷ്ടം നേരിടുന്ന സാഹചര്യത്തില്‍ പുതിയ ഹോള്‍ഡിങ് കമ്പനി രൂപവത്കരിച്ച് ഐ.എസ്.എല്‍ നടത്താനാണ് എഫ്.എസ്.ഡി.എല്ലിന് താല്‍പര്യമെന്നും സൂചനയുണ്ട്. ഇതില്‍ 60 ശതമാനം ഓഹരി പങ്കാളിത്തം ക്ലബുകള്‍ക്കാവും. എഫ്.എസ്.ഡി.എല്‍ 26 ശതമാനവും ഫെഡറേഷന് 14 ശതമാനവുമാവും പങ്കാളിത്തം.
വിഷയത്തിൽ ഐ.എസ്.എൽ അധികൃതരോ ക്ലബുകളോ, എ.ഐ.എഫ്.എഫ് ഭാരവാഹികളോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.