തൃശൂർ: ഒടുവിൽ കേരള കലാമണ്ഡലത്തിലും ചിക്കൻ ബിരിയാണി വിളമ്പി. നോൺ വെജ് വിഭവങ്ങൾ വേണമെന്ന വിദ്യാർഥികളുടെ ഏറെനാളായുള്ള ആവശ്യം അംഗീകരിച്ചുകൊണ്ടാണ് കേരള കലാമണ്ഡലത്തിൽ ചിക്കൻ ബിരിയാണ് വിളമ്പിയത്. ഇത് ആദ്യമായാണ് കേരള കലാമണ്ഡലത്തിൽ മുഴുവൻ വിദ്യാർത്ഥികൾക്കും മെസ്സിൽ ചിക്കൻ ബിരിയാണി വിളമ്പിയത്. ബുധനാഴ്ച ഉച്ചഭക്ഷണമായാണ് കലാമണ്ഡലത്തിൽ ബിരിയാണി എത്തിയത്. നോൺ വെജ് വിഭവങ്ങൾ വേണമെന്ന വിദ്യാർത്ഥികളുടെ ആവശ്യം അംഗീകരിക്കുകയായിരുന്നു എന്നാണ് കലാമണ്ഡലത്തിന്‍റെ ഔദ്യോഗിക വിശദീകരണം.
വിയ്യൂർ ജയിലിൽ നിന്ന് 480 ബിരിയാണിയാണ് വാങ്ങിയത്. 450 ചിക്കൻ ബിരിയാണിയും 30 വെജിറ്റബിൾ ബിരിയാണിയുമാണ് ജയിലിൽ നിന്ന് വാങ്ങി കുട്ടികൾക്ക് വിളമ്പിയത്. നേരത്തെ സസ്യാഹാരം മാത്രമായിരുന്നു ഇവിടെ നൽകിയിരുന്നത്. കുട്ടികൾ ആവശ്യപ്പെട്ടപ്പോൾ എല്ലാവർക്കും മാംസാഹാരം വാങ്ങി നൽകാൻ നിർദ്ദേശം നൽകുകയായിരുന്നുവെന്ന് വി സി വ്യക്തമാക്കി. വി സിയും രജിസ്ട്രാറും അക്കാദമിക് കോഡിനേറ്ററുമടക്കം കലാമണ്ഡലത്തിലെത്തി കുട്ടികൾക്കൊപ്പം ബിരിയാണി കഴിക്കുകയും ചെയ്തു.