ഒഡീഷയിലെ റൂർക്കലയിൽ വിമാനം തകർന്നു വീണ് അപകടം: ആറ് പേർക്ക് പരുക്ക്

news image
Jan 10, 2026, 1:52 pm GMT+0000 payyolionline.in

ഒഡീഷയിലെ റൂർക്കലയിൽ വിമാനം തകർന്നു വീണ് ആറ് പേർക്ക് പരുക്ക്. ഭുവനേശ്വറിൽ നിന്ന് റൂർക്കലയിലേക്ക് പറക്കുകയായിരുന്ന ഒൻപത് സീറ്റുകളുള്ള വിമാനമാണ് തകർന്നത്. പരുക്കേറ്റവരിൽ രണ്ട് പൈലറ്റുമാരും നാല് യാത്രക്കാരും ഉൾപ്പെടുന്നു. ക്യാപ്റ്റൻ നവീൻ കടംഗ, ക്യാപ്റ്റൻ തരുൺ ശ്രീവാസ്ത‌വ എന്നിവരാണ് വിമാനം നിയന്ത്രിച്ചിരുന്നത്.

ഭുവനേശ്വറിൽ നിന്ന് പറന്നുയർന്ന് ഏകദേശം 10 കിലോമീറ്റർ പിന്നിട്ടപ്പോഴാണ് അപകടമുണ്ടായത്. ഉച്ചയ്ക്ക് 1.15-ന് റൂർക്കലയിൽ ഇറങ്ങേണ്ടിയിരുന്ന വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ജൽഡയ്ക്ക് സമീപം അടിയന്തരമായി ഇറക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ലാൻഡിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട വിമാനം തകർന്നു വീഴുകയായിരുന്നു.

അഗ്നിശമനസേനയുടെ മൂന്ന് യൂണിറ്റുകളും പൊലീസും നാട്ടുകാരും ചേർന്ന് ആണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റ എല്ലാവരെയും വിമാനത്തിൽ നിന്നും സുരക്ഷിതമായി പുറത്തെടുത്ത് ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫയർ ആൻഡ് എമർജൻസി സർവീസസ് കമാൻഡ് സെന്ററിന്റെ നേതൃത്വത്തിലാണ് അപകടസ്ഥലത്തെ രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും അപകടകാരണം കണ്ടെത്താൻ ശ്രമിക്കുകയാണെന്നും ഗതാഗത മന്ത്രി അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe