കോഴിക്കോട്: ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ പ്രതിക്ക് 25 വർഷം കഠിന തടവും ലക്ഷം രൂപ പിഴയും ശിക്ഷ. രാമനാട്ടുകര മാണിയോളി എം. അനിൽകുമാറിനെ (57) യാണ് കോഴിക്കോട് അതിവേഗ പോക്സോ കോടതി ജഡ്ജ് സി.എസ്. അമ്പിളി ശിക്ഷിച്ചത്. ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം രണ്ടു വർഷം തടവും അയ്യായിരം രൂപ പിഴയും കൂടി ശിക്ഷ വിധിച്ചിട്ടുണ്ട്. പിഴ സംഖ്യ കുട്ടിക്ക് നൽകണം. പിഴ അടച്ചില്ലെങ്കിൽ ഏഴുമാസം അധികം തടവ് അനുഭവിക്കണം.
കുട്ടി ഒന്നാം ക്ലാസിൽ പഠിക്കുന്ന കാലം മുതൽ മൂന്നാം ക്ലാസിൽ പഠിക്കുന്ന കാലം വരെ പല തവണയായി ലൈംഗിക പീഡനം നടത്തിയെന്നാണ് കേസ്. നല്ലളം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്പെക്ടർ കെ. കൃഷ്ണനാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. ആർ.എൻ. രഞ്ജിത്ത് ഹാജരായി.