ഒന്നിച്ചുള്ള ജീവിതം സ്വപ്‌നം കണ്ടു, വിവാഹ നിശ്ചയം കഴിഞ്ഞ യുവതിയും യുവാവും അപകടത്തിൽ മരിച്ചു; ഫായിസ് വിദേശത്ത് നിന്ന് നാട്ടിലെത്തിയത് അടുത്തിടെ

news image
Mar 12, 2026, 8:52 am GMT+0000 payyolionline.in

സുൽത്താൻബത്തേരി: ജീവിത യാത്ര ആരംഭിക്കാൻ കാത്തിരിക്കെ അപ്രതീക്ഷിതമായി ഉണ്ടായ അപകടത്തിൽ അന്ത്യയാത്ര ഒരുമിച്ചായതിന്റെ ഞെട്ടലിലാണ് മലപ്പുറം സ്വദേശിയായ മുഹമ്മദ് ഫായിസിന്റെയും കോഴിക്കോട് സ്വദേശിയായ അംനത്തിന്റെയും വീട്ടുകാരും നാട്ടുകാരും. ഇന്നലെ വയനാട്ടിൽ ദേശീയപാത 766-ൽ മുത്തങ്ങ കല്ലൂർ 67-ൽ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ചായിരുന്നു സ്‌കൂട്ടർയാത്രക്കാരായ മലപ്പുറം കാലടി കാടഞ്ചേരി പാറപ്പുറം മേലേപ്പുറത്ത് വളപ്പിൽ മുഹമ്മദ് ഫായിസ്(25), കോഴിക്കോട് ഫാറൂഖ് കോളേജ് കുളങ്ങരപ്പാടം തോട്ടാടിപ്പാടത്ത് ചേരിക്കണ്ടി വീട്ടിൽ അംനത്ത്(25) എന്നിവരുടെ അകാല വിയോഗം.

ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെ കല്ലൂർ പാലത്തിന് സമീപമായിരുന്നു അപകടം. കർണാടക ഭാഗത്തേക്ക് പോകുന്ന ലോറിയും മുത്തങ്ങ ഭാഗത്തുനിന്ന് ബത്തേരി ഭാഗത്തേക്ക് വരുകയായിരുന്ന സ്‌കൂട്ടറുമാണ് കൂട്ടിയിടിച്ചത്. മറ്റൊരുവാഹനത്തെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട സ്‌കൂട്ടർ ലോറിയുടെ മുൻവശത്ത് ഇടിക്കുകയായിരുന്നു. അപകടസ്ഥലത്തുതന്നെ ഇരുവരും മരിച്ചു. ബത്തേരി പോലീസും നാട്ടുകാരും ചേർന്നാണ് മൃതദേഹങ്ങൾ ബത്തേരി താലൂക്ക് ആശുപത്രിയിലെത്തിച്ചത്. ദുബായിലായിരുന്ന ഫായിസ് അടുത്തിടെയാണ് നാട്ടിലെത്തിയത്. അംനത്തിന്റെ രണ്ടാം വിവാഹം ഫായിസുമായി നിശ്ചയിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു.

മുഹമ്മദ് ഫായിസിന്റെ പിതാവ്: മൊയ്തീൻ. മാതാവ്: സൽമത്ത്. സഹോദരങ്ങൾ: തസ്ലിം, തെസ്നി. അംനത്തിന്റെ പിതാവ്: പരേതനായ ആലിക്കോയ. മാതാവ്: സൈനബ. മകൻ: ഹിഷാം ഹാലിം. അപകടവിവരമറിഞ്ഞ് ഇന്നലെ തന്നെ ഇരുവരുടെയും ബന്ധുക്കൾ സുൽത്താൻബത്തേരിയിലെത്തിയിരുന്നു. ബത്തേരി താലൂക്ക് ഹെഡ്ക്വാർട്ടേഴ്‌സ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു മൃതദേഹങ്ങൾ പോസ്റ്റുനടപടികൾക്ക് ശേഷം വ്യാഴാഴ്ച്ച ബന്ധുക്കളും നാട്ടുകാരും ചേർന്ന് ഏറ്റുവാങ്ങി ഇരുവരുടെയും നാട്ടിലേക്ക് കൊണ്ടുപോയി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe