തിരുവനന്തപുരം: യുഎസിലുള്ള സ്ത്രീയുടെ കവടിയാര്‍ ജവഹര്‍ നഗറിലുള്ള ഒന്നരക്കോടിയുടെ വീടും വസ്തുവും വ്യാജരേഖ ഉപയോഗിച്ച് തട്ടിയെടുത്തതിന് പിന്നില്‍ വന്‍സംഘമാണെന്നും മുഖ്യ ആസൂത്രകൻ തലസ്ഥാന വാസിയായ വെണ്ടർ ആണെന്നും പൊലീസ് കണ്ടെത്തി. ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇതിനായി പ്രവര്‍ത്തിച്ചതായാണ് വിവരമെന്ന് മ്യൂസിയം പൊലീസ് പറഞ്ഞു. വ്യാജരേഖകൾ ചമച്ചതും തട്ടിപ്പ് ആസൂത്രണം ചെയ്തതും വെണ്ടറാണ്. ഇയാൾക്കെതിരായ തെളിവുകൾ ലഭിച്ചെന്നും അന്വേഷണത്തിലാണെന്നും പൊലീസ് പറഞ്ഞു. തട്ടിയെടുത്ത പണത്തിന്റെ നല്ലൊരു പങ്കും വെണ്ടർക്കാണ് ലഭിച്ചത്.
അമേരിക്കയിൽ താമസിക്കുന്ന ഡോറ അസറിയ ക്രിപ്സിന്റെ ജവാഹർ നഗറിലെ വീടും വസ്തുവും ഡോറ അറിയാതെ വളർത്തു മകളെന്നു പറഞ്ഞു മെറിൻ തട്ടിയെടുത്തെന്നാണു കേസ്. ഡോറയും മെറിനും പരിചയക്കാരായിരുന്നു. ആൾമാറാട്ടം നടത്തി വസ്തു തട്ടിയെടുക്കാനായി ഡോറയുമായി രൂപസാദൃശ്യമുള്ള ഒരാളെ കണ്ടെത്തണമെന്ന് നിർദേശിച്ചതും ആസൂത്രകനായ വെണ്ടറായിരുന്നു. അങ്ങനെയാണ് കരകുളം സ്വദേശി വസന്തയെ കണ്ടെത്തിയത്. ആധാരവും ആധാർകാർഡും വ്യാജമായി നിർമിച്ചു. ഡോറയുടെ വീട് ജനുവരിയിൽ മെറിൻ ജേക്കബ് എഴുതിക്കൊടുത്തു. ആ മാസം തന്നെ ചന്ദ്രസേനൻ എന്നയാൾക്ക് വസ്തുവിന്റെ വിലയാധാരം എഴുതി നൽകുകയും ചെയ്തു.
സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സ്ത്രീകളെ പണം വാഗ്ദാനം ചെയ്ത് സംഘം തട്ടിപ്പില്‍ പങ്കാളികളാക്കി എന്നാണ് കരുതുന്നത്. എന്നാൽ പണം ലഭിച്ചില്ലെന്നാണ് മെറിൻ്റെ മൊഴി. കൊല്ലം അലയമണ്‍ മണക്കാട് പുതുപറമ്പില്‍ ചീട്ടില്‍ മെറിന് ജേക്കബ് (27), വട്ടപ്പാറ കരകുളം മരുതൂര്‍ ചീനിവിള പാലയ്ക്കാടു വീട്ടില്‍ വസന്ത(76) എന്നിവരാണ് അറസ്റ്റിലായത്. ഡോറ അസറിയ ക്രിപ്സ് എന്ന സ്ത്രീയുടെ ഉടമസ്ഥതയിലുള്ള വീടും സ്ഥലവും ഡോറയുടെ വളര്‍ത്തു മകളെന്ന വ്യാജേന മെറിന്റെ പേരില്‍ ജനുവരിയിൽ റജിസ്റ്റര്‍ ചെയ്തായിരുന്നു തട്ടിപ്പ്.