ഒപ്പത്തിനൊപ്പം എല്‍ഡിഎഫും യുഡിഎഫും; ‘അഭിമാനം കൊള്ളുന്നു’; കണ്ണൂരിലും ജനം സിപിഎമ്മിനെ വെറുത്തുവെന്ന് സുധാകരൻ

news image
May 31, 2023, 12:02 pm GMT+0000 payyolionline.in

തിരുവനന്തപുരം: സംസ്ഥാനത്തെ 19 വാര്‍ഡുകളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് നേടിയ തിളക്കമാര്‍ന്ന വിജയത്തില്‍ അഭിമാനം കൊള്ളുന്നുവെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ഉപതെരഞ്ഞെടുപ്പുകളിലെ തുടര്‍ച്ചയായ വിജയം യുഡിഎഫിന്റെ ബഹുജനാടിത്തറ ഭദ്രമാണ് എന്നതിന്റെയും എല്‍ഡിഎിനെതിരേയുള്ള ജനരോഷത്തിന്റെയും തെളിവാണ്. ജനദ്രോഹ നടപടികളില്‍നിന്ന് സര്‍ക്കാര്‍ ഇനിയെങ്കിലും പിന്മാറിയില്ലെങ്കില്‍ വലിയ തിരിച്ചടികളാണ് കാത്തിരിക്കുന്നത്.

19 വാര്‍ഡുകളില്‍ 9 സീറ്റുകളിലാണ് യുഡിഎഫ് വിജയം നേടിയതെന്ന് സുധാകരൻ പറഞ്ഞു. നിലവില്‍ ഏഴ് സീറ്റാണ് യുഡിഎഫിന് ഉണ്ടായിരുന്നത്. കണ്ണൂരിലെ ചെറുതാഴം ഗ്രാമപഞ്ചായത്തിലെ കക്കോണി വാര്‍ഡും പത്തനംതിട്ട മൈലപ്ര ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡും പാലക്കാട് മുതലമട ഗ്രാമപഞ്ചായത്തിലെ പറയമ്പളം വാര്‍ഡും എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ മുതലമടയിലും പെരുങ്ങോട്ടുകുറിശ്ശിയിലും വിജയിച്ചു.

ഓരോ തെരഞ്ഞെടുപ്പ് കഴിയുംതോറും കേരള രാഷ്ട്രീയത്തില്‍ ബിജെപിയുടെ പ്രസക്തി തന്നെ ഇല്ലാതാവുകയാണെന്നും സുധാകരന്‍ പറഞ്ഞു. അഴിമതിയും സ്വജനപക്ഷപാതവും നികുതി ഭീകരതയും നടപ്പാക്കി ജനങ്ങളെ ബുദ്ധിമുട്ടിച്ച സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരേ ജനങ്ങളുടെ താക്കീതും പ്രതിഷേധവുമാണ് ഉപതിരഞ്ഞെടുപ്പ് ഫലം. സിപിഎമ്മിന്റെ ശക്തികേന്ദ്രമായ കണ്ണൂരില്‍ പോലും അവരെ ജനം വെറുത്തു തുടങ്ങിയെന്നും സുധാകരന്‍ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe