വടകര : വടകരയില്‍ വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ് അബോധാവസ്ഥയില്‍ കഴിയുന്ന ഒമ്പത് വയസുകാരി ദൃഷാനയ്ക്കും കുടുംബത്തിനും ആശ്വാസം.
കുട്ടിക്ക് 1.15 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി വിധിച്ചു. വടകര എംഎസിടി കോടതിയാണ് കേസ് തീർപ്പാക്കിയത്. ഇൻഷുറൻസ് കമ്പനിയാണ് തുക നൽകേണ്ടത്. ഹൈക്കോടതിയുടെയും ലീഗൽ സർവീസ് അതോറിറ്റിയുടെയും ഇടപെടലാണ് കേസിൽ നിർണ്ണായകമായത്.
ഒമ്പത് വയസുകാരിയെ ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോയ കാര്‍, സംഭവം നടന്ന് പത്ത് മാസത്തിന് ശേഷം പൊലീസ് കണ്ടെത്തുകയും വിദേശത്തേക്ക് കടന്നുകളഞ്ഞ പ്രതിയെ നാട്ടിലെത്തിക്കുകയും ചെയ്തത് വലിയ ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് ഏഴ് മാസമായിട്ടും കുടുംബത്തിന് അപകട ഇന്‍ഷുറന്‍സ് തുക ലഭിച്ചിരുന്നില്ല. കോട്ടയത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ പൊരുതുന്ന ദൃഷാനയുടെ തുടര്‍ചികിത്സയ്ക്ക് പാവപ്പെട്ട മാതാപിതാക്കള്‍ വലിയ സാമ്പത്തിക പ്രയാസമാണ് നേരിടുന്നത്.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 17 ന് രാത്രിയാണ് വടകര ചോറോട് വെച്ച് ദൃഷാനയെയും മുത്തശ്ശി ബേബിയേയും അമിത വേഗതയിലെത്തിയ കാര്‍ ഇടിച്ചിട്ട് നിര്‍ത്താതെ പോയത്. അപകടത്തിൽ ദൃഷാനയുടെ മുത്തശ്ശി മരിച്ചിരുന്നു.കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കോമ സ്ഥിതിയില്‍ കഴിയുന്ന ദൃഷാനയുടെ ദുരിത ജീവിതത്തെക്കുറിച്ചും ഇടിച്ചിട്ട കാര്‍ കണ്ടെത്താത്ത പൊലീസ് അനാസ്ഥയെക്കുറിച്ചും നിരന്തരം വാര്ത്തകളെത്തുടര്ന്നായിരുന്നുഹൈക്കോടതി സ്വമേധയാ കേസെടുത്തതും പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചതും. അസാധാരണമായ അന്വേഷണത്തിനൊടുവില്‍ ഇടിച്ചിട്ട കാര്‍ പൊലീസ് കണ്ടെത്തി. മാപ്പില്ലാത്ത ക്രൂരത ചെയ്ത് വിദേശത്തേക്ക് കടന്ന പ്രതി പുറമേരി സ്വദേശി ഷെജീലിനെ നാട്ടിലെത്തിച്ച് പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
അക്കൗണ്ട് വിവരങ്ങള്‍
SMITHA NK
GOOGLE PAY NO- 9567765455
ACCOUNT NUMBER- 40602101002263
IFSC CODE- KLGB0040602
KERALA GAMEEN BANK, PANOOR BRANCH
