പാലക്കാട്: സിപിഎം നേതാവ് എൻ എൻ കൃഷ്ണദാസിന്‍റെ അധിക്ഷേപ പരാമർശത്തിനെതിരെ പരോക്ഷ വിമർശനവുമായി പി കെ ശ്രീമതി. ഒരാളെയും വേദനിപ്പിക്കുന്ന തരത്തിൽ സംസാരിക്കരുത്. തന്നെ എത്രയോ തവണ മാധ്യമങ്ങൾ വിമർശിച്ചിച്ചിരിക്കുന്നു. എന്നിട്ടും താൻ ഒരിക്കലും മോശം പരാമർശം നടത്തിയിട്ടില്ലെന്ന് ശ്രീമതി പറഞ്ഞു.
“ഞാനിന്നേവരെ ചീത്ത വാക്ക് ഉപയോഗിക്കാത്ത ആളാണ്. എന്നെ എത്രയോ വിമർശിച്ച ഒരുപാട് കേസുകളുണ്ട്. പത്രമാധ്യമങ്ങൾ എന്നെ കുത്തി കീറി മലർത്തി കൊന്നിട്ടുണ്ട്. പക്ഷേ ഞാൻ ചീത്ത വാക്ക് ജീവിതത്തിൽ ഉപയോഗിച്ചിട്ടില്ല. ഇനി ഉപയോഗിക്കുകയുമില്ല. കൃഷ്ണദാസെന്താണ് പറഞ്ഞതെന്ന് എനിക്ക് അറിയില്ല”- പി കെ ശ്രീമതി പറഞ്ഞു.
ഇറച്ചിക്ക് വേണ്ടി നിൽക്കുന്ന പട്ടികളെ പോലെ എന്നാണ് മാധ്യമങ്ങളെ കുറിച്ച് കൃഷ്ണദാസ് പറഞ്ഞതെന്ന് റിപ്പോർട്ടർ ചൂണ്ടിക്കാട്ടിയപ്പോൾ ശ്രീമതിയുടെ പ്രതികരണം ഇങ്ങനെ- “ആരെയായാലും മറ്റുള്ളവരെ വേദനിപ്പിക്കുന്ന വാക്കുകൾ പറയാൻ പാടില്ല എന്നാണ് പാർട്ടിയുടെ നിലപാട്. പക്ഷേ ഏത് സന്ദർഭത്തിലാണ് അദ്ദേഹത്തിന്‍റെ വായിൽ നിന്ന് വന്നത്, മാധ്യമങ്ങളുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും വന്നിട്ടുണ്ടോ എന്നതും അറിയണം. അദ്ദേഹം എന്താണ് പറഞ്ഞതെന്ന് ഞാൻ അദ്ദേഹത്തോട് അന്വേഷിക്കട്ടെ.”
പാര്‍ട്ടി വിടുകയാണെന്ന് പ്രഖ്യാപിച്ച പാലക്കാട്ടെ സിപിഎം നേതാവ് അബ്ദുള്‍ ഷുക്കൂറിനെ അനുനയിപ്പിച്ചതിന് പിന്നാലെയാണ് ഇന്നലെ വൈകിട്ട് എൻ എൻ കൃഷ്ണദാസ് മാധ്യമങ്ങളെ അധിക്ഷേപിച്ച് രംഗത്തെത്തിയത്. ഷുക്കൂറിനൊപ്പം പുറത്തിറങ്ങിയ എൻ എൻ കൃഷ്ണദാസിനോട് പ്രതികരണം തേടിയപ്പോഴായിരുന്നു അധിക്ഷേപ പരാമര്‍ശം. ‘ഇറച്ചിക്കടയ്ക്ക് മുന്നിൽ പട്ടികള്‍ നിന്നത് പോലെ ഷുക്കൂറിന്‍റെ വീടിന് മുന്നിൽ രാവിലെ മുതൽ നിന്നവര്‍ ലജ്ജിച്ച് തലതാഴ്ത്തണ’മെന്നായിരുന്നു പരാമര്‍ശം. ഷുക്കൂറിനെ നിങ്ങള്‍ക്ക് അറിയില്ലെന്നും ഷുക്കൂറിനൊന്നും പറയാനില്ലെന്നും എൻ എൻ കൃഷ്ണദാസ് പറഞ്ഞു.
മാധ്യമങ്ങള്‍ക്ക് മുന്നിൽ പൊട്ടിത്തെറിച്ചത് ബോധപൂര്‍വമാണെന്ന് കൃഷ്ണദാസ് ഇന്ന് പറഞ്ഞു. തന്‍റെ ഉറച്ച ബോധ്യത്തിന്‍റെ അടിസ്ഥാനത്തിലാണ് അത്തരത്തിൽ പ്രതികരിച്ചത്. മറ്റ് രാഷ്ട്രീയ പാര്‍ട്ടിക്കാരെയും മാധ്യമങ്ങളെയും ഉദ്ദേശിച്ച് തന്നെയാണ് അത്തരമൊരു പരാമര്‍ശം നടത്തിയത്. അബ്ദുള്‍ ഷുക്കൂറിന്‍റെ പിണക്കം പാര്‍ട്ടിക്ക് പരിഹരിക്കാനാകുന്ന പ്രശ്നം മാത്രമാണ്. എന്നാൽ, അതിന് മാധ്യമങ്ങള്‍ അനാവശ്യ പ്രധാനം നല്‍കിയെന്നും അതിനാലാണ് പൊട്ടിത്തെറിച്ച് സംസാരിക്കേണ്ടിവന്നതെന്നും എൻ എൻ കൃഷ്ണദാസ് പറഞ്ഞു. മാധ്യമങ്ങളെ മാത്രം ഉദ്ദേശിച്ചല്ല അത് പറഞ്ഞത്. ഷുക്കൂറുമായുള്ള ചെറിയ പ്രശ്നത്തിൽ നേട്ടം കണ്ടെത്താൻ ശ്രമിച്ച കോണ്‍ഗ്രസിനെയും ബിജെപിയെയും ഉള്‍പ്പെടെയുള്ള പാര്‍ട്ടികളെയും ഉദ്ദേശിച്ചുകൊണ്ടായിരുന്നു പരാമര്‍ശമെന്ന് എൻ എൻ കൃഷ്ണദാസ് പറഞ്ഞു.