ഒരാഴ്ച, പരിഹാരമുണ്ടായില്ലെങ്കിൽ അനിശ്ചിതകാല സമരമെന്ന് മുന്നറിയിപ്പ്; ഇന്ന് സ്വകാര്യ ബസുടമകളുടെ സൂചനാ സമരം

news image
Jul 8, 2025, 3:17 am GMT+0000 payyolionline.in

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസുടമകളുടെ സൂചനാ സമരം. സ്വകാര്യ ബസുടമകളുമായി ഇന്നലെ ട്രാൻസ്പോർട്ട് കമ്മീഷണർ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് സംയുക്ത സമര സമിതി പണിമുടക്കുന്നത്. വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് കൂട്ടുക, വ്യാജ കൺസെഷൻ കാർഡ് തടയുക, 140 കി.മീ അധികം ഓടുന്ന ബസുകളുടെ പെർമിറ്റ് പുതുക്കി നൽകുക, അനാവശ്യമായി പിഴയീടാക്കുന്നത് തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. ഒരാഴ്ചയ്ക്കുള്ളിൽ പരിഹാരമുണ്ടായില്ലെങ്കിൽ, 22 മുതൽ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാനാണ് തീരുമാനം.

അതേസമയം, തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ നാളെ ദേശീയ പണിമുടക്കും പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാരിന്‍റെ തൊഴിലാളി വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ചാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്. പത്ത് തൊഴിലാളി സംഘടനകൾ പണിമുടക്കിൽ ഭാഗമാകും. പതിനേഴ് ആവശ്യങ്ങളാണ് പണിമുടക്കിലൂടെ സംയുക്ത ട്രേഡ് യൂണിയനുകൾ കേന്ദ്ര സർക്കാരിന് മുന്നിൽ വയ്ക്കുന്നത്. ഇതിൽ പ്രധാനം തൊഴിലാളി വിരുദ്ധമായ നാല് ലേബർ കോഡുകൾ കേന്ദ്ര സർക്കാർ ഉപേക്ഷിക്കുക എന്നതാണ്. ഈ ലേബർ കോഡ് നിലവിൽ വന്നാൽ ട്രേഡ് യൂണിയനുകളുടെ ഇടപെടൽ തൊഴിൽ മേഖലയിൽ കുറയും.

വ്യവസായ സൗഹൃദ നയത്തിന്‍റെ പേരിൽ ഉടമകളുടെ താൽപര്യങ്ങൾ സംരക്ഷിക്കാനും കേന്ദ്ര സർക്കാരിന് സാധ്യമാകും എന്നാണ് ട്രേഡ് യൂണിയനുകൾ ആരോപിക്കുന്നത്. കൂടാതെ എല്ലാ സംഘടിത തൊഴിലാളികൾക്കും കരാർ തൊഴിലാളികൾക്കും സ്കീം വർക്കർമാർക്കും പ്രതിമാസം 26,000 രൂപ മിനിമം വേതനം ഉറപ്പാക്കുക, പൊതുമേഖലാ സംരംഭങ്ങൾ സ്വകാര്യവൽക്കരിക്കുന്ന നയത്തിൽ നിന്ന് സർക്കാർ പിൻവാങ്ങുക എന്നിവയും ആവശ്യങ്ങളിൽ ഉൾപ്പെടുന്നു. 10 വർഷമായി കേന്ദ്ര സർക്കാർ തൊഴിലാളികളുമായി ചർച്ച നടത്തിയിട്ടില്ലെന്നും തൊഴിലാളി സംഘടനകൾ ആരോപിക്കുന്നു.

സിഐടിയു, ഐഎൻടിയുസി, എഐടിയുസി, എച്ച്എംഎസ്, എഐയുടിയുസി, ടിയുസിസി, എസ്ഇഡബ്യുഎ, എഐസിസിടിയു, എല്‍പിഎഫ്, യുടിയുസി എന്നീ 10 ദേശീയ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിലാണ് പണിമുടക്ക്. സംയുക്ത കിസാൻ മോർച്ചയും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. വാണിജ്യ – വ്യവസായ മേഖലയിലെ തൊഴിലാളികളും, കേന്ദ്ര – സംസ്ഥാന സർക്കാർ ജീവനക്കാർ, ബാങ്ക് ഇൻഷുറൻസ് തപാൽ ടെലികോം തുടങ്ങിയ മേഖലയിലെ ജീവനക്കാരും പണിമുടക്കിൽ ഭാഗമാകും. പാൽ ആശുപത്രി അടക്കമുള്ള അവശ്യസർവീസുകളെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe