ഒരു മണിക്കൂറിനുള്ളില്‍ കാഷ്‌ലെസിന് അംഗീകാരം; 3 മണിക്കൂറിനുള്ളില്‍ ക്ലെയിം തീര്‍പ്പാക്കല്‍

news image
Apr 16, 2025, 2:53 pm GMT+0000 payyolionline.in

രോഗ്യ ഇന്‍ഷുറന്‍സ് മേഖലയില്‍ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനുള്ള നടപടികളുമായി സര്‍ക്കാര്‍. ക്ലെയിം തീര്‍പ്പാക്കല്‍, കാഷ്‌ലെസ് അംഗീകാരം എന്നിവയ്ക്കായി ഏറെ കാത്തിരിക്കേണ്ട സാഹചര്യം ഒഴിവാക്കുകയാണ് ലക്ഷ്യം.

അപേക്ഷിച്ചാല്‍ ഒരു മണിക്കൂറിനുള്ളില്‍ കാഷ്‌ലെസ് ചികിത്സയ്ക്കുള്ള അംഗീകാരം ലഭ്യമാക്കുക, മുന്ന് മണിക്കൂറിനുള്ളില്‍ ക്ലെയിം തീര്‍പ്പാക്കുക എന്നീ വ്യവസ്ഥകളാണ് കൊണ്ടുവരുന്നത്.

എളുപ്പത്തില്‍ മനസിലാക്കാനും പൂരിപ്പിക്കാനും കഴിയുന്ന രീതിയില്‍ ക്ലെയിം അപേക്ഷ ഫോം രൂപകല്പനചെയ്യും. പൊതുവായ അപേക്ഷാ ഫോമുകളാകും തയ്യാറാക്കുക. നിശ്ചിത സമയത്തിനുള്ളില്‍ ക്ലെയിം പൂര്‍ണമായി തീര്‍പ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനുള്ള വ്യവസ്ഥകളും ഫോമിലുണ്ടാകും.

ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡിന്റെ(ബിഐഎസ്) മാനദണ്ഡങ്ങള്‍ക്ക് സമാനമായി കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനുള്ള വ്യവസ്ഥകള്‍ കൊണ്ടുവരും. ചികിത്സാ ചെലവുകള്‍ വര്‍ധിക്കുന്നതിനാല്‍ സാമ്പത്തിക ബുദ്ധിമുട്ട് നേരിടാതിരിക്കാന്‍ കൂടുതല്‍ പേരെ ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്ക് കീഴില്‍ കൊണ്ടുവരാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. താങ്ങാവുന്ന ചെലവില്‍ 2047 ഓടെ എല്ലാവര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പരിഷ്‌കരണങ്ങള്‍ നടപ്പാക്കുന്നത്.

ക്ലെയിം തീര്‍പ്പാക്കല്‍ അപേക്ഷകള്‍ സമയബന്ധിതമായി പരിഹരിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിജ്ഞാപനം ഇന്‍ഷുറന്‍സ് റെഗുലേറ്റര്‍(ഐആര്‍ഡിഎഐ) കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയിരുന്നു. ക്ലെയിമുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ പരാജയപ്പെട്ടതായി വ്യാപകമായി വിമര്‍ശനമുയര്‍ന്നിരുന്നു. കാഷ്‌ലെസ് ക്ലെയ്മുകള്‍ പൂര്‍ണമായി നിരസിക്കുന്ന സാഹചര്യവുമുണ്ടായി. ഐആര്‍ഡിഎഐയുടെ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നതിനും ആരോഗ്യ ഇന്‍ഷുറന്‍സില്‍ ഉപഭോക്താക്കള്‍ക്കുള്ള വിശ്വാസം വര്‍ധിപ്പിക്കുന്നതിനും പുതിയ നടപടികള്‍ സഹായിക്കുമെന്നാണ് വിലയിരുത്തല്‍.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe