ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച നോട്ടുനിരോധനത്തിന് ഏഴു വയസ്സ് പൂർത്തിയാകാൻ മാസങ്ങൾ മാത്രം ശേഷിക്കെയാണ്, 2000 രൂപയുടെ നോട്ടുകൾ വിപണിയിൽനിന്ന് പിൻവലിക്കാനുള്ള തീരുമാനം റിസർവ് ബാങ്ക് പ്രഖ്യാപിച്ചത്. നിലവിൽ വിനിമയത്തിലുള്ള രണ്ടായിരത്തിന്റെ നോട്ടുകൾ ഏഴു വർഷം പൂർത്തിയാക്കും മുൻപേയാണ് പിൻവലിക്കുന്നത് എന്നർഥം. ഇനിമുതൽ 2000 രൂപ നോട്ടുകൾ പുറത്തിറക്കരുതെന്ന് ആർബിഐ ബാങ്കുകൾക്ക് നിർദേശം നൽകി. ഇപ്പോൾ വിപണിയിലുള്ള 2000 രൂപാ നോട്ടുകൾ മാത്രമാണ്, ആർബിഐ പ്രഖ്യാപിച്ചിരിക്കുന്ന സമയപരിധിയായ സെപ്റ്റംബർ 30 വരെ വിനിമയത്തിന് ലഭ്യമാകുക.
2016 സെപ്റ്റംബർ എട്ടിനു രാത്രിയാണ്, പ്രധാനമന്ത്രി നരേന്ദ്ര മോദി 500, 1000 രൂപ നോട്ടുകൾ നിരോധിക്കുന്നതായി അപ്രതീക്ഷിത പ്രഖ്യാപനം നടത്തിയത്. ഇന്ത്യയുടെ ചരിത്രത്തിൽത്തന്നെ അധികം സമാനതകളില്ലാത്ത സംഭവമായിരുന്നു ആ നോട്ടുനിരോധനം. 500, 1000 രൂപാ നോട്ടുകൾക്ക് അർധരാത്രി മുതൽ മൂല്യമില്ലെന്ന പ്രഖ്യാപനം ആശങ്കയോടെയാണ് രാജ്യം കേട്ടത്. അതുമായി ബന്ധപ്പെട്ട് പിന്നീട് വലിയ വിവാദങ്ങളുമുണ്ടായി. ഇത്തവണ 2000 രൂപ നോട്ടുകൾ പിൻവലിക്കുന്നുവെന്ന പ്രഖ്യാപനത്തിന് അന്നത്തെ നോട്ടുനിരോധനവുമായി കാതലായ വ്യത്യാസമുണ്ട്.
പുതിയ നോട്ടുകൾ വിപണിയിൽ ഇറക്കുന്നതിനു മാത്രമാണ് നിലവിൽ നിരോധനമുള്ളത്. ഇപ്പോൾ വിനിമയത്തിലുള്ള 2000 രൂപ നോട്ടുകൾ തുടർന്നും ഉപയോഗിക്കാമെന്നാണ് ആർബിഐ അറിയിച്ചിരിക്കുന്നത്. ഈ നോട്ടുകൾ മാറ്റിയെടുക്കാൻ സെപ്റ്റംബർ 30 വരെ സമയവും അനുവദിച്ചിട്ടുണ്ട്. കൈവശമുള്ള 2000 രൂപ നോട്ടുകൾ മാറ്റിയെടുക്കാൻ ഏതാണ്ട് നാലര മാസത്തോളം സമയമാണ് ലഭിക്കുക. മേയ് 23 മുതൽ ഇതിനുള്ള ക്രമീകരണം ബാങ്കുകളിൽ ഏർപ്പെടുത്തുമെന്നാണ് അറിയിപ്പ്. അതേസമയം, ഒറ്റത്തവണ പരമാവധി 20,000 രൂപ മാത്രമേ മാറ്റിയെടുക്കാനാകൂ എന്ന പ്രഖ്യാപനത്തിൽ ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്.
‘‘2000 രൂപ നോട്ടുകൾ പുറത്തിറക്കിയതിന്റെ ഉദ്ദേശ്യം, മറ്റ് മൂല്യങ്ങളിലുള്ള നോട്ടുകൾ ആവശ്യത്തിന് വിപണിയിൽ ലഭ്യമായതോടെ പൂർണമായി. ഈ സാഹചര്യത്തിൽ 2000 രൂപ നോട്ടുകളുടെ പ്രിന്റിങ് 2018–19ൽ തന്നെ നിർത്തിയിരുന്നു. ബാങ്കുകളുടെ സുഗമമായ പ്രവർത്തനത്തിനും ശാഖകളിലെ ദൈനംദിന പ്രവർത്തനങ്ങൾ തടസ്സം കൂടാതെ തുടരുന്നതിനും, 2023 മേയ് 23 മുതൽ പരമാവധി 20,000 രൂപയുടെ വരെ 2000 രൂപയുടെ നോട്ടുകൾ ഒറ്റത്തവണ ഏതു ബാങ്കിൽനിന്നും മാറ്റിയെടുക്കാം’’– റിസർവ് ബാങ്ക് വ്യക്തമാക്കി.
ഇപ്പോൾ ഉപയോഗത്തിലുള്ള 2000 രൂപ നോട്ടുകളിൽ 89 ശതമാനവും 2017 മാർച്ചിനു മുൻപ് പുറത്തിറക്കിയതാണ്. ഈ നോട്ടുകൾ ഇതിനകം 4–5 വർഷം പൂർത്തിയാക്കിക്കഴിഞ്ഞു. പ്രചാരത്തിലുള്ള 2000 രൂപ നോട്ടുകളുടെ മൂല്യം 2018 മാർച്ച് 31ന് 6.73 ലക്ഷം കോടി രൂപയായിരുന്നെങ്കിൽ (ആകെയുള്ള നോട്ടുകളുടെ 37.3 ശതമാനം), 2023 മാർച്ച് 31 ആയപ്പോഴേയ്ക്കും അത് 3.62 ലക്ഷം കോടി രൂപയായി കുറഞ്ഞു. ഇത് പ്രചാരത്തിലുള്ള ആകെ നോട്ടുകളുടെ 10.8 ശതമാനം മാത്രമാണ്.
2000 രൂപ നോട്ടുകൾ ഇപ്പോൾ കാര്യമായ രീതിയിൽ വിപണിയിൽ ഇല്ലെന്നും, മറ്റു മൂല്യങ്ങളിലുള്ള നോട്ടുകൾ ആവശ്യത്തിലധികം ലഭ്യമാണെന്നും ആർബിഐ ചൂണ്ടിക്കാട്ടി. 2013–14 കാലഘട്ടത്തിലും ആർബിഐ സമാനമായ രീതിയിൽ നോട്ടുകൾ പിൻവലിച്ചിട്ടുണ്ടെന്നും പ്രസ്താവനയിൽ വിശദീകരിച്ചിട്ടുണ്ട്.