ഓംഹ്രീം, തെരുവുനായയെ ഓടിക്കും ‘മാജിക് വടി’

news image
Aug 30, 2025, 3:08 am GMT+0000 payyolionline.in

മലപ്പുറം ∙ തെരുവുനായ്ക്കളെ ഓടിക്കാനായി അരീക്കോട് വടശ്ശേരി ഗവ.ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥികൾ വികസിപ്പിച്ചെടുത്ത ‘മാജിക് വടി’ക്കു ദേശീയ അംഗീകാരം. സ്കൂളിലെ 10–ാം ക്ലാസ് വിദ്യാർഥികൾ വികസിപ്പിച്ച ഉപകരണം ഡൽഹിയിൽ സംഘടിപ്പിച്ച ഇന്നവേഷൻ മാരത്തണിൽ സമ്മാനം നേടി. ആശയം വാണിജ്യാടിസ്ഥാനത്തിൽ വികസിപ്പിക്കുന്നതിനുള്ള സഹായമായി 50,000 രൂപയും ലഭിച്ചു. 10–ാം ക്ലാസ് വിദ്യാർഥികളായിരുന്ന പി.അഭിഷേക്, വി.പി.നിഹാൽ, സാദിൻ മുഹമ്മദ് സുബൈർ എന്നിവർ ഫിസിക്സ് അധ്യാപകൻ കെ.പ്രഗിത്തിന്റെ മേൽനോട്ടത്തിലാണ് ഉപകരണം നിർമിച്ചത്.

ഇലക്ട്രോണിക് സർക്കീറ്റ് ഘടിപ്പിച്ച വടിയിലെ സ്വിച്ച് അമർത്തുമ്പോൾ മനുഷ്യർക്കു കേൾക്കാൻ കഴിയാത്തതും മൃഗങ്ങൾക്ക് അരോചകവുമായ അൾട്രാസോണിക് ശബ്ദവും ഗന്ധവും പുറത്തുവരും. നേരിയ ഷോക്കും പുറപ്പെടുവിക്കുന്നതിനാൽ നായ്ക്കൾ അടുക്കില്ല. ഡൽഹിയിൽ പുരസ്കാരം ഏറ്റുവാങ്ങിയ ടീമിന് ഉൽപന്നം വിപണിയിലിറക്കുന്നതിനു നോയിഡയിൽ പരിശീലനവും ലഭിച്ചു. പേറ്റന്റ് എടുത്തു സംരംഭം തുടങ്ങാനുള്ള ശ്രമത്തിലാണ് വിദ്യാർഥികളും അധ്യാപകനും. ഒരു ലക്ഷത്തിലധികം ആശയങ്ങളിൽ 27 എണ്ണമാണ് തിരഞ്ഞെടുക്കപ്പെട്ടത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe