ഓഗസ്റ്റ് 3 വരെ കേരളത്തിൽ അതിശക്ത മഴയ്ക്ക് സാധ്യത; 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്

news image
Jul 31, 2024, 1:46 pm GMT+0000 payyolionline.in

തിരുവനന്തപുരം:സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്ടർമാർ അവധി പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. കണ്ണൂർ ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷനൽ കോളജുകൾ, ട്യൂഷൻ ക്ലാസ്സുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു നാളെ അവധിയാണ്. മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾ, യൂണിവേഴ്സിറ്റി പരീക്ഷകൾ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല. മുൻകൂട്ടി പ്രഖ്യാപിച്ച പരീക്ഷകളിൽ മാറ്റമില്ല.

കേരളത്തിൽ ഓഗസ്റ്റ് 3 വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, തൃശൂർ, എറണാകുളം, പാലക്കാട് എന്നിവിടങ്ങളില്‍ യെലോ അലർട്ടാണ്. വ്യാഴാഴ്ച കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.  തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിൽ മഴയ്ക്കും മണിക്കൂറിൽ 30 കിലോമീറ്റർ വേഗതയിൽ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗതയിൽ കാറ്റടിക്കാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കടൽ കൂടുതൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ ലക്ഷദ്വീപ്, കർണാടക, തമിഴ്‌നാട് തീരങ്ങളിൽ ഉയർന്ന തിരമാല മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

അതിനിടെ കനത്ത മഴയും വെള്ളക്കെട്ടും മൂലം  കുന്നംകുളം – തൃശൂർ സംസ്ഥാന പാതയിൽ ഗതാഗതം പൂർണമായി നിരോധിച്ചു. ചൂണ്ടൽ മുതൽ തൃശൂർ ശോഭാ സിറ്റി വരെയുള്ള വിവിധ ഇടങ്ങളിൽ സംസ്ഥാനപാതയിൽ വെള്ളം കയറിയതോടെയാണ് ഗതാഗതം നിരോധിച്ചത്. ചിലയിടങ്ങളിൽ റോഡ് ഇടിഞ്ഞു താഴുന്നുണ്ടെന്നും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഗതാഗതം നിരോധിക്കുകയാണെന്നും പൊലീസ് അറിയിച്ചു. ഇതുവഴി യാത്ര ചെയ്യേണ്ടവർ മറ്റു ബദൽ പാതകളിലൂടെ യാത്ര തുടരണമെന്നാണ് നിർദേശം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe