ഓടാത്ത വണ്ടികൾക്ക് 3,000 ഡ്രൈവർമാർ; വെറുതേയിരിക്കാൻ സർക്കാർ പ്രതിമാസം ചെലവാക്കുന്നത് 12 കോടി

news image
Dec 30, 2025, 8:33 am GMT+0000 payyolionline.in

ആലപ്പുഴ: സർക്കാരോഫീസുകളിലെ 15 വർഷം കഴിഞ്ഞ വാഹനങ്ങൾ ഓട്ടം നിർത്തി ആറുമാസമായിട്ടും മൂവായിരത്തോളം ഡ്രൈവർമാരെ പുനർവിന്യസിക്കാത്തതിനാൽ സർക്കാരിനു പ്രതിമാസ നഷ്ടം 12 കോടിയിലധികം രൂപ. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടയിലാണ് ഈ വീഴ്ചകേന്ദ്രനിയമ പ്രകാരം, സംസ്ഥാനത്തെ സർക്കാരോഫീസുകളിൽ നാലായിരത്തിയഞ്ഞൂറോളം വാഹനങ്ങൾ 15 വർഷം കഴിഞ്ഞതായി കണ്ടെത്തിയിരുന്നു. ഇതിൽ മൂവായിരത്തിലധികം വാഹനങ്ങൾ 20 വർഷം കഴിഞ്ഞതിനാൽ രജിസ്ട്രേഷൻ പുതുക്കാനാകില്ല. ഇൻഷുറൻസും എടുക്കാനാകില്ല. ഇവ നിരത്തിലിറക്കാതായതോടെയാണ് മൂവായിരത്തോളം ഡ്രൈവർമാർക്കു ജോലിയില്ലാതായത്.കാലാവധി കഴിയാത്ത വാഹനങ്ങളോടിക്കാൻ ഡ്രൈവറില്ലാത്തിടത്തോ താത്കാലിക ഡ്രൈവർമാരെ പിരിച്ചുവിട്ടോ ഇവരെ പുനർവിന്യസിക്കണമെന്ന് ജൂലായ് നാലിനു ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ ഉത്തരവിറക്കി. എന്നാൽ, ആറുമാസം കഴിഞ്ഞിട്ടും പുനർവിന്യാസം നടപ്പായില്ല. കാലഹരണപ്പെട്ട വാഹനങ്ങളിലെ ഡ്രൈവർമാർ രാവിലെയും വൈകീട്ടും പഞ്ചിങ് നടത്തി ഓഫീസിൽ വെറുതേയിരിപ്പാണ്. ഒരു സീനിയർ ഡ്രൈവർക്ക് 40,000-50,000 രൂപ ശമ്പളമുണ്ട്. 40,000 രൂപ കണക്കാക്കിയാൽപ്പോലും മൂവായിരത്തോളം പേർക്ക് പ്രതിമാസം 12 കോടിയോളം രൂപയാണ് ശമ്പളമായി നൽകുന്നത്. ഇത്രയുംപേർ തൊഴിലില്ലാതിരിക്കുമ്പോൾ പല വകുപ്പുകളിലും താത്കാലിക നിയമനം നടത്തിയിട്ടുമുണ്ട്. പ്രശ്നത്തിൽ ഉടൻ സ്ക്വാഡ് പരിശോധന പല ഓഫീസുകളിലും ഇത്തരം ഡ്രൈവർമാരെ തപാൽ വിഭാഗത്തിലേക്കും മറ്റും മാറ്റിയിട്ടുണ്ട്. ഉത്തരവു കൊടുത്തിട്ടും നടപ്പാക്കാത്തത് ഉടൻ പരിശോധിക്കും. ഓരോ വകുപ്പിലും സ്ക്വാഡ് പരിശോധന നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്നും ധനവകുപ്പിലെ പ്രത്യേക പരിശോധനാ വിഭാഗം ഉദ്യോഗസ്ഥൻ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe