ഓണം: ജില്ലയിൽ ലീഗൽ മെട്രോളജി വകുപ്പിന്റെ പരിശോധന; പിഴ

news image
Aug 22, 2023, 5:42 pm GMT+0000 payyolionline.in

കോഴിക്കോട്: ഓണത്തോടനുബന്ധിച്ച് ലീഗൽ മെട്രോളജി വകുപ്പിന്റെ നേതൃത്വത്തിൽ കോഴിക്കോട് ജില്ലയിലെ 354 വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തി. നിയമലംഘനം നടത്തിയ 46 വ്യാപാര സ്ഥാപനങ്ങൾക്കെതിരെ കേസെടുത്ത് 29,000 രൂപ പിഴ ഈടാക്കി. ലീഗൽ മെട്രോളജി കൺട്രോളർ വി.കെ. അബ്ദുൽ കാദറിന്റെ നിർദ്ദേശപ്രകാരമാണ് പരിശോധന നടത്തിയത്. നിയമപ്രകാരം ആവശ്യമായ രേഖകൾ ഇല്ലാത്തത്, പായ്ക്കറ്റിന് പുറത്ത് ആവശ്യമായ പ്രഖ്യാപനങ്ങൾ രേഖപ്പെടുത്താത്തത്, അളവിൽ കുറവ് എന്നിവ സംബന്ധിച്ചാണ് വ്യാപാര സ്ഥാപനങ്ങൾക്കെതിരെ കേസെടുത്ത് പിഴ ഈടാക്കിയത്. പിഴ ഒടുക്കാത്ത സ്ഥാപനങ്ങൾക്കെതിരെ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കും.

മുദ്ര പതിപ്പിക്കാത്ത അളവ് തൂക്ക ഉപകരണങ്ങൾ ഉപയോഗിക്കുക, അളവിലും തൂക്കത്തിലും കുറച്ച് വിൽപ്പന നടത്തുക, നിർമ്മാതാവിന്റെ വിലാസം, ഉൽപന്നം പായ്ക്ക് ചെയ്ത തിയ്യതി, അളവ്, തൂക്കം, പരമാവധി വിൽപ്പന വില, തുടങ്ങിയവ ഇല്ലാത്ത പായ്ക്കറ്റുകൾ വിൽപ്പന നടത്തുക, എംആർപിയെക്കാൾ അധിക തുക ഈടാക്കുക, വില തിരുത്തുക തുടങ്ങിയ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായുള്ള പരിശോധനകൾ ഓണം വരെ തുടരും. ഈ സാമ്പത്തിക വർഷം ഇതുവരെ ജില്ലയിൽ 2600 വ്യാപാര സ്ഥാപനങ്ങളിലായി നടന്ന പരിശോധനകളിൽ 505 കേസുകൾ കണ്ടെത്തി 1464000 രൂപ പിഴ ഈടാക്കിയിട്ടുണ്ട്.

വടകര താലൂക്കിലെ അഴിയൂർ, നാദാപുരം റോഡ് , മുക്കാളി, വെള്ളികുളങ്ങര, വള്ളിക്കാട് ഏരിയകളിലെ സൂപ്പർമാർക്കറ്റുകൾ, പച്ചക്കറിക്കടകൾ, ഇറച്ചിക്കടകൾ, ബേക്കറികൾ ഹോട്ടൽ ആൻഡ് റസ്റ്റോറന്റുകൾ എന്നിവ പരിശോധിച്ചു. ക്രമക്കേടുകൾ കണ്ടെത്തിയ 17 കടകൾക്ക് നോട്ടീസ് നൽകി. ഭക്ഷ്യവസ്തുക്കൾക്ക് കടകളിൽ ഒരേ ടൗണിൽ വ്യത്യസ്ത വിലകൾ ബോധ്യപ്പെട്ടതിൽ വില ഏകീകരിക്കണമെന്ന് കടയുടമകൾക്ക് കർശന നിർദ്ദേശം നൽകി. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് സപ്ലൈ ഓഫീസർ അറിയിച്ചു. പരിശോധനയിൽ താലൂക്ക് സപ്ലൈ ഓഫീസർ ഫൈസൽ പി, റേഷനിങ് ഇൻസ്പെക്ടർമാരായ രാജേഷ് സി.പി, ജീവനക്കാരായ ജ്യോതിബസു, ലീഗൽ മെട്രോളജി ഇൻസ്പെക്ടർമാരായ ഷീജ അടിയോടി, പ്രഭിത്ത്, ഇൻസ്പെക്ടിങ് അസിസ്റ്റന്റുമാരായ ഉണ്ണികൃഷ്ണൻ കെ, മനോജ് കെ എന്നിവരും പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe