ഓണം ബംപർ ലോട്ടറിക്ക് റെക്കോർഡ് വിൽപന; ഇതുവരെ വിറ്റത് 20.5 ലക്ഷം ടിക്കറ്റുകൾ

news image
Aug 16, 2023, 9:32 am GMT+0000 payyolionline.in

തിരുവനന്തപുരം∙ ഓണം ബംപർ ലോട്ടറിക്ക് റെക്കോർഡ് വിൽപന. ജൂലൈ 27ന് ടിക്കറ്റ് വിൽപന ആരംഭിച്ചതു മുതൽ ഇന്നലെ വരെ വിറ്റത് 20.5 ലക്ഷം ടിക്കറ്റുകൾ. കഴിഞ്ഞവർഷം ഇതേകാലയളവിൽ വിറ്റത് 12.83 ലക്ഷം ടിക്കറ്റുകളാണ്. 25 കോടിയാണ് ഒന്നാം സമ്മാനം. രാജ്യത്ത് ഏറ്റവും ഉയർന്ന ലോട്ടറി സമ്മാനവും ഓണം ബംപറിന്റേതാണ്. 500 രൂപയാണ് ടിക്കറ്റ് വില.

പാലക്കാടാണ് ടിക്കറ്റ് വിൽപ്പനയിൽ മുന്നിൽ. രണ്ടാം സ്ഥാനത്ത് തിരുവനന്തപുരം. തൃശൂർ, എറണാകുളം, കോട്ടയം ജില്ലകൾ തൊട്ടുപിന്നിലുണ്ട്. 30 ലക്ഷം ടിക്കറ്റുകളാണ് ഇതുവരെ അച്ചടിച്ചത്. പരമാവധി 90 ലക്ഷം ടിക്കറ്റുവരെ അച്ചടിക്കാൻ അനുമതിയുണ്ട്. ഒന്നാം സമ്മാനം 15 കോടിയിൽനിന്ന് 25 കോടി രൂപയായി ഉയർത്തിയ കഴിഞ്ഞ വർഷവും ഓണം ബംപർ വിൽപനയിൽ റെക്കോർഡ് സൃഷ്ടിച്ചിരുന്നു. ആകെ  66,55,914 ടിക്കറ്റുകളാണ് വിറ്റത്. അച്ചടിച്ചത് 67,50,000 ടിക്കറ്റുകൾ. തൊട്ടു മുൻ വർഷത്തേക്കാൾ 12.5 ലക്ഷം ടിക്കറ്റുകൾ കഴിഞ്ഞ വർഷം വിറ്റുപോയി. 25 കോടി സമ്മാനത്തുകയിൽ 10% ഏജന്റിന്റെ കമ്മിഷനായിപോകും. ശേഷിക്കുന്ന തുകയിൽ 30% നികുതി കഴിച്ചുള്ള തുകയാണ് ജേതാവിനു ലഭിക്കുക.

ഇത്തവണ ആകെ സമ്മാനത്തുക 125 കോടി 54 ലക്ഷം രൂപയാണ്. രണ്ടും മൂന്നും സമ്മാനങ്ങൾ കഴിഞ്ഞ തവണത്തേതിനേക്കാൾ ആകർഷകമാക്കി. രണ്ടാം സമ്മാനം 20 കോടി രൂപയാണ്. ഒരു കോടി രൂപ വീതം 20 പേർക്ക് ഇത് ലഭിക്കും. മൂന്നാം സമ്മാനം 50 ലക്ഷം വീതം 20 പേർക്കാണ്. ആകെ സമ്മാനങ്ങൾ കഴിഞ്ഞ വർഷം 3,97,911 ആയിരുന്നത് ഇക്കുറി 5,34,670 ആയി വർധിപ്പിച്ചു. കഴിഞ്ഞ വർഷത്തെക്കാൾ 1,36,759 സമ്മാനങ്ങളാണ് ഇത്തവണയുള്ളത്. നാലാം സമ്മാനം 5 ലക്ഷം വീതം 10 പേർക്ക്. അഞ്ചാം സമ്മാനം 2 ലക്ഷം വീതം പത്തു പേർക്ക്. ഇതിനു പുറമേ 5000, 2000, 1000, 500 രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്. 12.55 കോടിരൂപയാണ് ഏജൻസി കമ്മിഷൻ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe